വീണും ഒരു ആണ്‍മേല്‍ക്കോയ്മ സിനിമ ഹിറ്റാകുന്നു
പ്രിയപ്പെട്ട ട്രാഫിക് സിനിമാ സംവിധായകന്‍ രാജേഷ് പിള്ള അറിയുവാന്‍
എന്റെ സുഹൃത്ത് ജയകൃഷ്ണന്‍ നിര്‍ബന്ധിച്ചു പറഞ്ഞതുക്കൊണ്ടാണ് ആ മലയാള പടം കാണാം എന്ന് തീരുമാനിച്ചത് . കേരളത്തിലെ ബോക്സ് ആഫിസ് വിജയം കഴിഞ്ഞു എത്രയോ നാളുകള്‍ക്കു ശേഷമാണ് പടം മുംബൈയില്‍ വന്നത് തന്നെ. മലയാള പടം കാണാന്‍ ഒറ്റയ്ക്ക് പോകുന്നത് വീട്ടുക്കാര്‍ക്കും കൂട്ടുക്കാര്‍ക്കും ഇഷ്ടമല്ല. ഇഷ്ടക്കുറവു വേറൊന്നും കൊണ്ടല്ലാട്ടോ..തികഞ്ഞ പേടിയാണ്. മലയാളി പുരുഷന്മാരെ പൊതുവേ എല്ലാവരും പേടിക്കുന്നതിനു തക്കതായ കാരണങ്ങള്‍ ഉണ്ട് എന്നാണു മലയാളികളായ പുരുഷ സുഹൃത്തുക്കള്‍ തന്നെ പറയുന്നത്.എന്നാലോ ഇവര്‍ക്കാര്‍ക്കും എന്റെകൂടെ വരാന്‍ നേരവുമില്ല .. .. ഓടി നടന്നു ജീവിതം ഉണ്ടാക്കുകയല്ലേ.. തിരക്കോട് തിരക്ക് തന്നെ. അവസാനം കൂട്ടിനു വരാന്‍ ഒരാള്‍ തയ്യാറായി. അവനാണെങ്കിലോ ഒരു പാട് നിബന്ധനകളും കൊണ്ടായിരുന്നു വരവ്. മലയാള പടം കാണാന്‍ ഇഷ്ടമല്ലാത്ത ഒരു വ്യക്തിയാണ് അവന്‍. മലയാള പടം മുഴുവനും വയസ്സായവരുടെ പ്രണയവും പ്രതികാരവും മൂന്നാം തരം സെന്റിമെന്റ്സും ആണെന്നാണ് അവന്റെ അഭിപ്രായം. പിന്നെ നല്ല നടന്‍മാര്‍ എന്ന് അറിയപ്പെടുന്ന പലരും ഒരേ ഭാവം വെളിപ്പെടുത്തി ബോറടിപ്പിക്കുന്നു എന്നുമൊക്കെയാണ് അവന്‍ പറയുന്നത്. അത് പോട്ടെ,
ഒബെരോയ് മാളിന്റെ (Oberoi Mall ) പീ വീ ആര്‍ അരങ്ങിലെത്തിയെപ്പോള്‍ പടം തുടങ്ങാന്‍ പോകുന്നു. തിയേറ്ററില്‍ കഷ്ടിച്ച് ഒരു അമ്പതു പേര്‍ കാണും . എന്തായാലും ഇവന്റെ പിറുപിറുക്കലും കേട്ടോണ്ട് പടം കാണാന്‍ തുടങ്ങി . ഒരു പാട് മുന്‍ വിധികളോട് കാണാന്‍ തുടങ്ങിയ പടം തീര്‍ത്തും വ്യത്യസ്തമായ ,മലയാള സിനിമക്ക് അന്യമായ ഒരു ഒഴുക്കില്‍ എന്നെ കൊണ്ട് ചെന്നപ്പോള്‍ ശരിക്കും അതിശയിച്ചു പോയി.. ങേ ..ഇതെന്താ ...ഇത്ര പെട്ടെന്ന് ഇടവേള വന്നോ. സത്യം പറയട്ടെ രാജേഷ് ശരിക്കും രസം തോന്നി. കൂടെ വന്നയാളും പടം കുഴപ്പമില്ല എന്ന് പറഞ്ഞപ്പോള്‍ ഒരു സന്തോഷം. പക്ഷെ ഇടവേളയ്ക്കു ശേഷം പല രംഗങ്ങളും നല്ല വേഗതയില്‍ പോകുന്ന നമ്മുടെ ചിന്തകളെ തളര്‍ത്തി നിര്‍ത്തി. എവിടെയൊക്കെയോ ചെറിയ ചെറിയ പിഴകള്‍. വിരസത തോന്നുന്ന ചില ആവര്‍ത്തനങ്ങള്‍. ഇവയൊക്കെ കഥയുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുന്നതു പോലെ തോന്നി. പടം മുക്കാല്‍ എത്തും മുമ്പേ തീയേറ്ററില്‍ നിന്നും ഒരാളുടെ ഉറക്കെയുള്ള അഭിപ്രായം. 'ഓ ഇനി പടം കഴിഞ്ഞു.'... ശരിയായിരുന്നു അത്. അവിടെ തിരകഥ കഴിഞ്ഞിരുന്നു. പോലീസുക്കാരുടെ അതീവ ശ്രദ്ധയില്‍ നിന്നും അകന്നു പോകുന്ന സുദേവന്റെ ദൌത്യ യാത്രയെ കാണിക്കുന്ന രംഗങ്ങളില്‍ നിന്നും തിരകഥയുടെ പാളിച്ച കണ്ടു തുടങ്ങിയിരുന്നു. അവിടെ ത്രില്ല് നഷ്ടപ്പെട്ട തിരക്കഥ വലിഞ്ഞു അവസാനിച്ചത് പോലെ .
ഇങ്ങിനെയാണ് ഒരു പോലീസുക്കാരനെ അവധരിപ്പിക്കേണ്ടത് . 'കണ്ടില്ലേ ഞാന്‍ എത്ര ഭംഗിയില്‍ അത് ചെയ്യുന്നു' എന്ന് വിളിച്ചു പറയുന്ന മുഖം ഭാവവും വെച്ച് ,അതിലെ കഥാപാത്രത്തിനു വേണ്ട യാതൊരു ഭാവഭേദവുമില്ലാതെ "നടി ക്കുന്ന" കൊച്ചി കമ്മീഷണറായി കാക്കി വേഷം ധരിച്ച നടന്‍ "അയ്യോ പാവം നടന്‍" എന്ന ലേബലിന് അര്‍ഹന്‍ തന്നെ. ഒരു മലയാളം സീരിയല്‍ നടന്റെ വ്യാകരണത്തോടെ അദ്ദേഹം കാണിക്കുന്ന ഭാവങ്ങള്‍ വിരസത ഉണ്ടാക്കി എന്ന് പറയുന്നതാവും ശരി . പിന്നെ താര രാജക്കന്മാരില്ലെങ്കിലും താരങ് ങളുടെ ഒരു വലിയ നിര , പടത്തിനെ സഹായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല .
നടന്‍ ശ്രീനിവാസന്‍ എല്ലാ പടത്തിലെയും പോലെ വടക്കന്‍ വട്ടാര മൊഴി അലക്കി നിവര്‍ത്തി ഇസ്തിരി ഇട്ടു പറയുന്നുണ്ടായിരുന്നു. പിന്നെ അദേഹത്തിന്റെ സാന്നിധ്യം എല്ലാ പടങ്ങളിലും എന്നത് പോലെ തന്നെ. ഇത് പോലൊരു സംഭാഷണ രീതി " പാസ്സഞ്ചര്‍" എന്ന പടത്തിലും കണ്ടിരുന്നു. ആ സിനിമയിലെ കഥാപാത്രത്തിനു ഒരു പോലിസ് ഉദ്യോഗം കിട്ടി ,പിന്നീട് അദ്ദേഹം ഇത്തരം ഒരു ദൌത്യം ഏറ്റെടുത്താല്‍ എങ്ങിനെ ഇരിക്കുമോ അതെ പോലെ പക്ഷെ രണ്ടും രണ്ടു കഥകളും രണ്ടു കഥാപാത്രങ്ങളും ആണെന്ന് നമ്മള്‍ മനസ്സിലാക്കണം. സംവിധായകന്‍ ആരായാലും ഈ നടനു ഒരു പ്രശ്നമില്ല എന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.
പുതിയ നടന്മാരെ കൊണ്ട് വരാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണോ , അല്ല പുതിയ ആളുകളെ സ്വീകരിക്കാനുള്ള നടപടി അമ്മ തല്‍ക്കാലം നിര്‍ത്തി വെച്ചതാണോ എന്നറിയില്ല. എന്തായാലും നല്ല ജീവനുള്ള മുഖങ്ങളെ കാണാന്‍ കഴിയുന്നില്ല. തമിഴ് നാട് രാഷ്ട്രീയം പോലെ വാരിശുകളുടെ ചേക്കേറ്റം മലയാള സിനിമയില്‍ അടിപൊളിയായി നടക്കുന്നത് മറന്നിട്ടല്ല ഇങ്ങിനെ പറഞ്ഞത് .തമിഴില്‍ , തെലുങ്കില്‍,ഹിന്ദിയില്‍ ഒരുപാ ട് പുതിയ കഥകളും നടന്മാരും സംവിധായകരും വരുന്നു. ഇവിടെ മാത്രം എന്തെ ഇങ്ങിനെ രാജേഷ് പിള്ളേ?
ഹോളി വൂടില്‍ നിന്നും മറ്റു ലോക സിനിമകളില്‍ നിന്നും എത്രയോ കഥകളും ,കഥ പറയുന്ന വിധവും ഇന്ന് ഇന്ത്യയില്‍ എത്തുന്നുണ്ട്.. മറ്റു ഭാഷകളിലൊക്കെ പുതിയ മുഖങ്ങളെയും അവരില്‍ നിന്നും സംവിധായകന്‍ ആഗ്രഹിക്കുന്ന ഭാവങ്ങളെയും കൊണ്ട് വരുമ്പോള്‍ മലയാളം മക്കത്തായം പിന്തുടരുന്നതു എന്തുക്കൊണ്ടാ ണ്?
താങ്കളുടെ ഈ ഉദ്യമം തീര്‍ത്തും മലയാളത്തിനു അന്യമായ ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല. ഇതില്‍ വന്നു പോകുന്ന പല നടന്മാരും നേരത്തെ തന്നെ തങ്ങളുടെ അഭിനയ സാധ്യതതകളുടെ കുറുകിയ വട്ടത്തില്‍ നില്‍ക്കുന്നവരാണ്. എന്തെ ഒരു പുതിയ ഭാവ ശൈലി ഒരുക്കാന്‍ മെനെക്കെട്ടില്ല. അവിടെയും താങ്കള്‍ക്കു അമ്മയും അച്ചനും ഒക്കെ ഭീഷണി ആയിരുന്നോ... രാജീവ് എന്ന കഥാപാത്രം ചെയ്ത നടനില്‍ ചില പുതിയ ശരീര ഭാഷ കണ്ടത് ഒരാശ്വാസമായിരുന്നു. സെല്ലുലാരിലെ നടനെ ഓര്‍മിപ്പിച്ചു രാജീവിന്റെ പല ചലനങ്ങളും. എഡിറ്റിംഗ് വലിയ കുഴപ്പമില്ലാതെ പോയി. പക്ഷെ ചില സ്ഥലങ്ങളില്‍ പ്രേക്ഷകരില്‍ എത്തേണ്ട ചിലവ വളരെ പെട്ടെന്ന് പോകുന്നത് ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു. കേമറാമാന്‍ സൌന്ദര്യ ബോധമുള്ള ആളാണോ എന്നൊരു സംശയം . സംഗീതം ഒരു പുതുമയും അവകാശപ്പെടാനില്ലാതെ ഒഴുകി പോയി, പ്രത്യകിച്ചും വേഗത്തില്‍ വണ്ടിയോടി പോകുന്ന രംഗത്ത് വരുന്ന പശ്ചാത്തല സംഗീതം ഒരു അലോസരമായി തന്നെ തോന്നി.
(പിന്നെ പടത്തില്‍ പറയുന്ന മെഡിക്കല്‍ കഥയിലേക്കൊന്നും പോകുന്നില്ല. മലയാളത്തിലെ പല ഹിറ്റ് പടങ്ങളുടെയും കഥ പലപ്പോഴും പേടിപ്പിക്കുന്ന രോഗങ്ങളും മരുന്നു ഫലിക്കാത്ത ചികിത്സ രീതികളും ഒക്കെയല്ലേ. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമക്കും മുമ്പും പിമ്പും എത്രയോ പടങ്ങള്‍. ഇവിടെയും ഒരു സംശയം. കേരളത്തില്‍ നടക്കുന്ന റോടപകടങ്ങളില്‍ 90 ശതമാനവും അധിക വേഗതയുടെ ഫലങ്ങള്‍ അല്ലെ ?അങ്ങിനെയാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്. എല്ലാവരും പറയുന്നതും അത് തന്നെ. 'കേരളത്തിലെ ബസ്സ് എന്ത് സ്പീഡിലാ പോകുന്നത് ' എന്നൊക്കെ.. വിദേശിയരായ പല സുഹൃത്തുക്കളും കേരളത്തിലെ വണ്ടികളുടെ വേഗതയ അതിശയിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. )
രാജേഷ് അറിഞ്ഞോ അറിയാതെയോ ഒരുക്കിയ കുറെ നല്ല സന്ദേശങ്ങള്‍ ഉണ്ട് ഇതില്‍ .അവയില്‍ പലതും കാലിക പ്രസക്തമാണ് .
ജനം തിങ്ങി പാര്‍ക്കുന്ന സ്ഥലത്തെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള യാത്ര ,കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തെ എടുത്തു കാണിക്കുന്നു . മുദ്രാവാക്യങ്ങളും മാര്‍ക്സിസവും സോഷിലിസവും ഒക്കെ വെറും നേരംപോക്ക് രാഷ്ട്രീയത്തിന്റെ ഭാഗങ്ങള്‍. തെരുവിലെ തിരക്കും പുരുഷന്മാരുടെത് തന്നെ.
കേരളത്തിലെ ഇന്നത്തെ ഫാന്‍സ് അസോസിയേഷനുകളുടെ ഭയപ്പെടുത്തുന്ന വളര്‍ച്ച ,
ഇന്നത്തെ താര രാജക്കാന്‍മാര്‍ക്ക് അവരെ കുറിച്ചുള്ള മിഥ്യാ ധാരണകള്‍,
പിന്നെ എത്ര തന്നെ പുതുമ പുതുമ എന്ന് കൂവി വിളിച്ചാലും ,പറഞ്ഞാലും ആണ്‍ കോയ്മയുടെ തിളയ്ക്കുന്ന ഉദാഹരണമാണ് ഇന്നും കേരള സിനിമാ ലോകം എന്ന പാഠവും..
സ്ത്രീ കഥാപാത്രങ്ങള്‍ വന്നും പോയുമിരിക്കുന്നു .അവരൊന്നും ഇല്ലെങ്കിലും ഈ പടം ഇത് പോലെയൊക്കെ ഓടിയേനെ. പോലിസ് തൊട്ടു ആശുപത്രിയിലെ സര്‍ജന്‍ വരേയ്ക്കും പുരുഷന്മാരുടെ തിരക്ക് തന്നെ. എന്തെ രാജേഷ് ,സ്ത്രീകളോട് ഇത്ര വെറുപ്പ്... മാത്രമല്ല ചിത്രീകരിച്ച സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെ കാമം തലയ്ക്കു കേറിയവരും ( ഡാക്ടര്‍ ആബേലിന്റെ ഭാര്യ ) കുശുമ്പുള്ളവരും അധികാരം കാണിക്കുന്നവരും (റേഡിയോ ഗേള്‍ ) പിന്നെ ഒരു പാട് കരയുന്നവരും ഉച്ചത്തില്‍ അനാവശ്യമായി സംസാരിക്കുന്നവരും (രീഹാന്റെ അമ്മ, രീഹാന്റെ പ്രണയിനി താരത്തിന്റെ ഭാര്യ). നിങ്ങളുടെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം ഷോ കേസ് പാവകള്‍ ആയിരുന്നു. ഭാര്യയും കാമുകിയും പ്രണയിനിയും മകളും പിന്നെ ഒരു അവതാരകയും ..തീര്‍ന്നു. രീഹാന്റെ അച്ഛന്‍ പോലും ഒരു പ്രോഫെഷനലാണ് . കഷ്ടം ഉണ്ട് രാജേഷ് ഇത്തരത്തില്‍ കാണുന്നതിനു ....
എന്തെ ഇത് പോലുള്ള ദൌത്യങ്ങളൊന്നും മലയാളീ മങ്കമാര്‍ ചെയ്യില്ലേ രാജേഷ്? ഒരു സര്‍ജന്‍ , ഒരു ഐ പി എസ ഓഫീസര്‍ ,ഒരു ട്രാഫിക് പോലിസ് , ഒന്നും സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റില്ലാ എന്ന് നിങ്ങളെ പോലുള്ള യുവ സംവിധായകരും തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യും ? അവരൊക്കെ വയലാറിന്റെ പാട്ടുകള്‍ കേട്ട് കല്യാണം മാത്രം ലക്‌ഷ്യം വെച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണോ ?
സമൂഹത്തിന്റെ ഇന്നത്തെ ശോചനീയ അവസ്ഥക്ക് ഒരു വകയില്‍ സിനിമയും കാരണമാകുന്നു എന്നത് നിഷേധികാനാവില്ല. ഇത് മനശാസ്ത്രപരമായി ലോക ആരോഗ്യ സംഘടന നടത്തിയ ചില സര്‍വേകള്‍ വെളിപ്പെടുത്തുന്ന സത്യമാണ്. കലയും കലാക്കാരനും സമൂഹത്തിന്റെ വിമര്‍ശകരായും ഇരിക്കേണ്ടുന്നതിന്റെ ആവശ്യകത പ്രത്യേകിച്ചും കേരളത്തില്‍ ഏറി വരുന്നു..
നല്ല കലാക്കാരന്റെ ഉള്ളില്‍ ആണ്മയുടെ അംശങ്ങളും പെണ്മയുടെ അംശങ്ങളും നല്ല അനുപാതത്തില്‍ വേണം. ഇത്തരത്തിലുള്ളവരുടെ ബുദ്ധിയില്‍ നിന്നേ ആരോഗ്യമുള്ള സൃഷ്ടികള്‍ വരൂ . എന്തായാലും ഒരു തല്ലിപൊളി കാമ കഥയല്ല ട്രാഫിക് . തികച്ചും ഒരു ട്രെന്‍ഡ് മേക്കിംഗ് വിധം കാണുന്നുണ്ട്. ഇത്രയും ഊറ്റം കാണിച്ചതിന് അഭിനന്ദനങ്ങള്‍
നല്ല കലാബോധമുള്ള ഒരു സംവിധായകന്‍ എന്ന് രാജേഷ് പിള്ളയെ സഹൃദയര്‍ വിളിക്കാന്‍ ഇടവരട്ടെ




