Wednesday, August 25, 2010

എന്മകജെയിലെ ഒറ്റമുലച്ചി


(മലയാളത്തില്‍ വരുന്ന പല സാഹിത്യ കൃതികളും ഒരേ ചുവയുള്ളത് പോലെ തോന്നാറുണ്ടായിരുന്നു. ചിലപ്പോള്‍ ഒരേ കാലാവസ്ഥയില്‍ ജീവിച്ചുകൊണ്ട് എഴുതുന്നത്‌ കൊണ്ടാവാം . പക്ഷെ ലോക സാഹിത്യ ലോകത്ത് വരുന്ന  പല കൃതികളും ,  മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ കാലിക പ്രശ്നങ്ങളെ ലോക സമക്ഷം എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥത നമ്മുടെ എഴുത്തുക്കളില്‍ കാണാറില്ല. എല്ലാം  പുരുഷന്റെ ലോകത്തെ പുരുഷന്റെ പ്രശ്നങ്ങളും അവരില്‍ സ്ത്രീകള്‍ ഉളവാക്കിയ ചലനങ്ങളും  മറ്റും തന്നെയാണ് സാരം. വ്യക്തിയധിഷ്ടിത വിഷയങ്ങളാണ് ഏറെയും. മേതിലിന്റെയും ഓ വി വിജയന്റെയും മറ്റും എഴുത്തുക്കളെ മാറ്റി നിര്‍ത്തിയാല്‍ ,ആവശ്യമുള്ള മാറ്റങ്ങളെയോ പഴകി ദുഷിച്ചു തുടങ്ങീട്ടും കൊണ്ട് നടക്കുന്ന സംസ്കാരത്തെ കുറിച്ചോ വന്ന എഴുത്തുക്കള്‍ കുറവെന്നു തന്നെ തോന്നുന്നു.  എന്മകജെ ഇതില്‍ നിന്നും വേറിട്ടൊരു വായന സുഖത്തെയും കുറെ പേടിപ്പിക്കുന്ന യഥാര്‍ത്ഥത്തെയും പകരുന്നു.    . ഇതില്‍ സ്ത്രീയുടെ സ്വത്വ രക്ഷ ഏറ്റെടുത്തു അവരെ ഒറ്റപ്പെടുത്തിയ സമൂഹത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ ,ഭീകരതയെ  അതി ഗംഭീരമായി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ അംബികാസുതന്‍  . ഈ നോവല്‍ മലയാള മൊഴിക്ക്  കിട്ടിയ ഒരു ഒരപൂര്‍വ സാഹിത്യാനുഭവമാണ് )   




ഒരു നോവലിന് എന്തൊക്കെ വേണമെന്ന് പണ്ടേ  തീരുമാനിച്ചു  വെച്ചിട്ടുണ്ട് എന്നാണ് വെപ്പ്. . നോവലിന്റെ രൂപവും ഭാവവും ഇങ്ങിനെയൊക്കെ വേണമെന്ന് വിധിയെഴുതിയ നാടുകള്‍ തന്നെ പുതിയ രീതികളെയും വിപ്ലവകരമായ മാറ്റങ്ങളെയും അംഗീകരിച്ചു കഴിഞ്ഞു. ഒരു ഉദാഹരണം പറയുകയാണെങ്കില്‍  കേതി  അക്കറിന്റെ (kathy acker ) transgressive  രീതികളും ആധുനികോത്തരതയും എത്രയോ വായനക്കാരെ പുന;സൃഷ്ടിച്ചിരിക്കുന്നു.  ഒരു പാട് വിമര്‍ശനങ്ങള്‍ക്കിടയിലും എത്രയോ വ്യത്യസ്തമായ  ശൈലികളിലുള്ള നോവലുകള്‍ ലോകമെമ്പാടും വന്നു കഴിഞ്ഞു. പക്ഷെ ഇന്ത്യയില്‍ പ്രത്യേകിച്ചും മലയാളത്തില്‍ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കാണിക്കുന്ന വൈമുഖ്യം നമുക്ക് നഷ്ടമാക്കുന്നത് ഒരു പാട് നല്ല സൃഷ്ടികളേയും ഭാവനകളെയും ആണ്.

 ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ആ സമൂഹത്തിലെ ചട്ടങ്ങള്‍ക്ക് ഉള്‍പ്പെട്ട രീതിയില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ, വസ്ത്രം ധരിക്കാവൂ ,ചിന്തിക്കാവൂ എന്ന് വരികയാണെങ്കില്‍ ആ സമൂഹം വളരുന്നില്ല എന്ന് കൊള്ളേണ്ടി വരും. അതും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉണ്ടാക്കിയ നിയമങ്ങളെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു വിധേയമാക്കാതെ അപ്പടി പകര്‍ത്തുന്ന സമൂഹത്തില്‍ ആര്‍ക്കാണ് മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുക . 

ആദ്യമായിട്ട് എനമകജെ നോവലിനെ ക്കുറിച്ച് അറിഞ്ഞത്   ദൂരദര്‍ശനിലൂടെയാണ്  . പരിസ്ഥിതി നോവല്‍ എന്നൊരു വാക്ക് കേട്ടതുക്കൊണ്ട് ആ ചാനല്‍ കൂടുതല്‍ കണ്ടു ,കേട്ട്. വല്ലാത്തൊരു ആകാംക്ഷ തോന്നിയിരുന്നു. ഡാനിയല്‍ ക്വിന്നിന്റെ മൈ ഇഷ്മായില്‍ എന്ന ഫിക്ഷന്‍ വായിച്ചു കഴിഞ്ഞു ഇരിക്കുകായിരുന്നു. ഗോത്ര സംസ്കാരങ്ങളുടെ നന്മയും തിന്മയും ഉയര്‍ച്ചയും പതനവും ഒക്കെ ഭൂമിയെ നശിപ്പിക്കുന്നതിനു എത്ര മാത്രം സഹായിച്ചിരുന്നു എന്ന് തന്റെ ഭാഷയില്‍ മനുഷ്യനേക്കാളും പരിണാമ ശ്രേണിയുടെ താഴെ നില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഗറില്ലയിലൂടെ ഒരു പെണ്‍ കുട്ടിക്ക് പകര്‍ന്നു കൊടുക്കുന്നു ക്വിന്‍ .   ആപത്തുക്കളെ വിവേചിക്കാന്‍ വായനാക്കാര്‍ക്ക് തന്നെ വിട്ടുകൊടുത്തു കൊണ്ടാണ് ക്വിന്‍ നോവല്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. 
ഏതായാലും   എനമകജെ വായിക്കാന്‍ തീരുമാനിച്ചു. 

ഒരു സ്ത്രീയിലും പുരുഷനിലും തുടങ്ങുന്ന  കഥാരംഭം, ആദ്യമായി ദൈവം തന്റെ രൂപത്തില്‍ ഉണ്ടാക്കിയ വിവിലിയന്‍ മനുഷ്യനെയും സ്ത്രീയെയും ഓര്‍മിപ്പിച്ചു. മനോഹരമായ കാടും അതിലെ പുഴയും ജീവനില്ലാതെ ഒഴുകുന്നതിനു കാരണമില്ലാതെ കാരണമാകുന്ന ഒരു തലമുറയെ നോവലിസ്റ്റ്‌ ഇവിടെ അവതരിപ്പിച്ചതിനെ  പരിസ്ഥിതി നോവല്‍ എന്ന ഒരൊറ്റ വാക്കില്‍ ഒതുക്കി കളയാന്‍ പറ്റില്ല..
വില്യം ഫോക്നെര്‍ പറഞ്ഞത് പോലെ എല്ലാം വായിക്കുന്ന ഒരു വായനക്കാരന് ,അതായത് ചവറും ക്ലാസ്സിക്സും എല്ലാം , പിന്നീട്  അനുകരണം ഇല്ലാത്തൊരു വായന ശൈലി  തിരെഞ്ഞെടുക്കാന്‍ കഴിയുന്നു   . പക്ഷെ  ഇതിനു സര്‍ഗാത്മക രചന തിരിച്ചറിയാനുള്ള കഴിവും വേണം. മലയാളത്തില്‍ വായനക്കാര്‍ക്കിടയില്‍ ഇത്തരമൊരു പ്രവണത ഇല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അനുകരണ വായനയാണ് കൂടുതലും. ഒരാളെ വലിയവനായി വാഴിച്ചു കഴിഞ്ഞാല്‍ പിന്നെ അയാളുടെ വായനാ ശീലമാകും പലരുടെയും. ഇവിടെ സ്വത്വ തനിമ ഇല്ലാതെ വരുന്ന ഒരു ആപത്ത് കാണുന്നു  . അയാള്‍ പറയുന്ന ആള്‍ നല്ല എഴുത്തുക്കാരനാകുകയും ചെയ്യുന്നു. അയാള്‍ വര്‍ഗ്ഗീകരിക്കുന്ന രീതിയില്‍  പല എഴുത്തുക്കളും ജീവന്‍   നഷ്ടപ്പെടുന്ന ദയനീയ അവസ്ഥയിലേക്ക് എത്തുന്നു.   കേരളത്തില്‍ ആണ് ഇത് കൂടുതലും കണ്ടു വരുന്നത്. അയല്‍ മാനിലമായ തമിഴ് നാട്ടില്‍ ഇത്രയും രൂക്ഷത ഈ കാര്യത്തില്‍ കാണുന്നില്ല. കുറച്ചു കൂടി സ്വതന്ത്രമായ വായനാ ശീലം അവിടെ രൂപപ്പെട്ടു കഴിഞ്ഞു. ഒരു ചില പേരെടുത്ത പ്രസിദ്ധീകരണങ്ങള്‍ക്ക്    പകരം ഒരു പാട് ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങള്‍ അവിടെ ഉണ്ട് എന്നത് തന്നെ മേല്‍പ്പറഞ്ഞ ആരോഗ്യകരമായ വായനാ ശീലം വളരാന്‍ കാരണമായി എന്ന് തോന്നുന്നു.

നോവലില്‍ കടന്നു വരുന്ന കഥാപാത്രങ്ങള്‍ ഒന്നും വെറുതെ കടന്നു പോകുന്നില്ല എന്നത് എനമകജെയെ കൂടുതല്‍ മികവുറ്റതാക്കുന്നു. മിസ്റ്റിസിസവും കാലവും  കലര്‍ന്ന് വരുന്ന നോവലുകള്‍ക്ക് സൗന്ദര്യം കൂടും  എന്നും  സാഹിത്യത്തിനു വളരുന്ന ആശയങ്ങള്‍ ആണ് വേണ്ടത് എന്നും   മാര്‍ക്കേസ് പറഞ്ഞത്  ശരിയാണ് . എന്മാകജെയില്‍ രണ്ടും നല്ല അനുപാതത്തില്‍ തന്നെ ഉണ്ട്.  

എന്റെ അഭിപ്രായത്തില്‍ ഇതൊരു സ്ത്രീ പക്ഷ രചനയാണ്. കഥ തുടങ്ങുമ്പോള്‍ മുതല്‍ അപമാനിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന സ്ത്രീത്വം വ്യക്തമാണ്. എപ്പോഴും അരക്ഷിതാവസ്ഥയില്‍ തിളയ്ക്കുന്ന സ്ത്രീ , വീണ്ടും  വീണ്ടും രക്ഷയെ പുരുഷനായി തന്നെ കാണുകയും വീണ്ടും വീണ്ടും അവനുണ്ടാക്കിയ ലോകത്തില്‍ അടിമപ്പെടുത്തപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ തന്നെയാണ്. സ്ത്രീ പ്രകൃതിയാണ്, പ്രകൃതി സ്ത്രീ ആണ് . എന്നൊക്കെ പറയുന്ന ഒരു സമൂഹം അതിന്റെ പ്രാവര്‍ത്തിക മേഖലയില്‍,  വെച്ച് പുലര്‍ത്തുന്ന വൈരുദ്ധ്യതയുടെ ഫലം  തന്നെയാണ് ഇന്ന് കാണുന്ന  നാശങ്ങള്‍. 
അധിക്ഷേപിക്കപ്പെടുന്ന ,അവഹേളിക്കപ്പെടുന്ന സ്ത്രീത്വം കൂടുതല്‍ അകലുകയും തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്യുന്നു.  പിന്നീട് പുറത്ത് കാണുന്ന അല്ലെങ്കില്‍ സ്ത്രീ കാണിക്കുന്ന ഭാവങ്ങള്‍ അത്രയും പുരുഷന് വേണ്ടത് മാത്രമായി മാറുന്നു. 
അവിടെ സ്ത്രീ സ്വാഭാവികത നഷ്ടപ്പെട്ടു പുരുഷന്റെ ചിന്തകളെ പേറിയ  സ്ത്രീ രൂപങ്ങളായി പരിണമിക്കുന്നു. 
ഇതാണ് ഞാനടക്കമുള്ള കേരളത്തിലെ സ്ത്രീകള്‍. 
മാത്രമല്ല അവിടുത്തെ പുരുഷന്മാര്‍ക്ക് മാറ്റം ആവശ്യമില്ലാതെ വരുന്നത് കൊണ്ട് അവരൊക്കെ ഇന്ന് ജനിച്ചു , നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ മനസും ചുമന്നു നടക്കുന്നവരാണ്. 
ഒട്ടും പരിണാമ നിയമങ്ങള്‍ തൊട്ടു തീണ്ടാത്തവര്‍. ഒരു  പാട് ജീര്‍ണിച്ച മനസുള്ള വന്ദ്യ വയോധികന്മാരായ മനുഷ്യര്‍. 
ഇത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകള്‍ അതില്‍ വന്നു പോകുന്നുവെങ്കിലും ഒച്ച എടുക്കാന്‍ പാടില്ലാത്തവരായത്‌ കൊണ്ട് അവരെ നമുക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പക്ഷെ ദേവയാനി അപ്പോഴും കലംബിക്കൊണ്ടിരുന്നത് കേള്‍ക്കാമായിരുന്നു. അവളുടെ നഗ്നതയില്‍  അവളുടെ ഒറ്റ മുലയുള്ള ശരീരത്തില്‍ നിന്നും കരച്ചിലുകള്‍ ജനിച്ചില്ല എന്നതും പ്രത്യകതയാണ്. 

പണ്ട് സാക ഗോത്രത്തില്‍ സ്ത്രീകളും അമ്പെയ്ത്ത്  നടത്തിയിരുന്നത് ക്കൊണ്ട് അവരുടെ വലത്തെ മുല വളരാന്‍ അനുവദിക്കുമായിരുന്നില്ല. ചുട്ട ലോഹ തകിട് കൊണ്ട് അവിടെ പൊള്ളിച്ചു കരിച്ചു കളയുമായിരുന്നുവാത്രേ. ഈ വംശത്തില്‍ നിന്നാണ് ശ്രീ ബുദ്ധന്‍ എന്നും വായിച്ചതോര്‍ക്കുന്നു  . ഒറ്റ മുല പറിച്ചെറിഞ്ഞു മദുരൈ എരിച്ച  കണ്ണകിയെ ഇവിടുന്നും കാണാം .   ദേവയാനിയും ഒറ്റ മുലച്ചി തന്നെ. ഇളങ്കോവടികളുടെ കണ്ണകിയെ പോലെ. 

നോവലില്‍ വരുന്ന കാലിക പ്രശ്നം വെറും ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല . ജീവന്റെ പ്രശ്നമാണ്. 120  കോടിയോളം വരുന്ന ഇന്ത്യാ മഹാരാജ്യത്തെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും നിലനില്‍പ്പിന്റെ പ്രശ്നം ആണ്. sustainability അവകാശപ്പെടാന്‍ പറ്റാത്ത നഗരങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുന്ന എത്രയോ ജീവി  ഇനങ്ങളുടെ പ്രശ്നങ്ങളാണ്.    പാരസ്പര്യത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമ്പോള്‍ ഉയര്‍ന്ന ജീവിയായ മനുഷ്യന്റെ അടുത്ത ഘട്ട പരിണാമത്തിനു ഏല്‍ക്കുന്ന ക്ഷതത്തിന്റെ പ്രശ്നമാണ്. 

ജീവനില്ലാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ തലമുറകള്‍ സൃഷ്ടിക്കപ്പെടാതെ ഇരിക്കേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നു എന്മകജെ  

ഇതിലെ മിസ്റ്റിസിസം ഇന്നും ദൈവീകമായി കരുതുന്നതായത്  കൊണ്ട് കാലഘട്ടം മാറാതെ തന്നെ നില്‍ക്കുന്നു.  , നമ്മുടെ വിപ്ലം നാവിന്റെ തുമ്പത്ത് മാത്രം നിര്‍ത്തി ഘോരം ഘോരം നിലവിളിക്കുന്ന ഇന്നത്തെ തലമുറയുടെ ദയനീയാവസ്ഥയെ ഇത്  വെളിപ്പെടുത്തുന്നു . 
 ജടാധാരിയും ചുമന്ന പട്ടുടുത്തു കിലുങ്ങി നടക്കുന്ന തെയ്യങ്ങളും വേദനയോടെ ശൂന്യതയിലേക്ക് മായുന്നതിനു എന്ടോസല്ഫാനും മറ്റു കൂട്ട് വിഷങ്ങളും കാരണമാകുന്നു ഇവിടെ . തായ് വേര് അറ്റ് പോകുന്ന ഒരു സമൂഹത്തിന്റെ  തളര്‍ച്ചയും ചിതറിയ മാനസികാവസ്ഥയും അതിന്റെ നിസ്സഹായതയെ ഉണര്‍ത്തുന്ന പല സംഭവങ്ങളും എന്മാകജെയില്‍ കാണുന്നുണ്ട്.  മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന രൂപത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ കാണുന്ന പുരുഷനും സ്ത്രീയും വാ...നര എന്ന്  നിലവിളിക്കുന്നത് കാസര്‍ഗോഡ്‌ ജില്ലയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍  കണ്ട ഒരാള്‍ക്കും ഒരു അതിശയോക്തിയല്ല. 
മനുഷ്യനെ വേണ്ടാ എന്ന് പറയുന്ന മനുഷ്യര്‍ അധികമായി  ക്കൊണ്ടിരിക്കുന്നു . ഇരയും ഇരപിടിയനും ഇവിടെ മനുഷ്യന്‍ തന്നെ എന്ന പ്രത്യേകതയും ഉണ്ട്.  മറ്റു ജീവികള്‍ക്കുള്ള വാസസ്ഥലങ്ങളും സ്വന്തമാക്കാന്‍ അവരേയും അവരുടെ വാസസ്ഥലത്തെയും ആക്രമിച്ചു നശിപ്പിച്ചു ജൈത്ര യാത്ര തുടരുന്ന മനുഷ്യന്റെ പ്രശ്നം മനുഷ്യന്‍ തന്നെ. 

ഇപ്പോഴും ഒരുവിധത്തിലുള്ള പാലായനം ചെയ്യുന്ന മനുഷ്യന് ഇന്ന് ഇടം മാറി ജീവിക്കാനുള്ള പരിമിതികളും വര്‍ധിച്ചു വരുന്ന ജന സംഖ്യയും മഹാ പ്രശ്നങ്ങളാണ്. ഇതൊക്കെ ദേവയാനിയും നീലകണ്ഠന്‍ നും തിരിച്ചറിയുമ്പോഴേക്കും അവര്‍ പിറവിയുടെ ആദ്യ ഗേഹത്തിലേക്കുള്ള മടക്ക യാത്ര തുടങ്ങി കഴിഞ്ഞിരുന്നു . ഇത് ഇന്നത്തെ തലമുറയ്ക്ക് ഏര്‍പ്പെട്ട വീഴ്ച തന്നെയാണ്. 

ഗുഹ  കറുത്ത ഗുഹ , ജനിമൃതികള്‍ പതുങ്ങിയ  ഗുഹ , പ്രപഞ്ച രഹസ്യങ്ങളുടെ ഗുഹ, അറിവിന്റെ വിത്തുകളെ  സൂക്ഷിക്കുന്ന ഗുഹ . അതിലേക്കു കടക്കാന്‍ ഗുഹ ആവശ്യപ്പെടുന്നത് ഒന്ന് മാത്രം. മനുഷ്യനെന്ന അദ്ഭുത ജീവി ആദ്യമായി പ്രകൃതിയില്‍ നിന്നും അകന്നു പോകാന്‍ അവന്‍ അണിഞ്ഞ വസ്ത്രം കളയാന്‍ .ഇവിടെ മുഴച്ചു നില്‍ക്കുന്ന മിസ്ടിസിസവും പ്രതീകാത്മകതയും എന്മകജെയേ ഒരു ലോക നിലവാര എഴുത്തിലേക്ക്‌ എത്തിച്ചു എന്ന് വേണം പറയാന്‍.  
എന്മകജെയിലെ ഗുഹ    ജീവന്‍ തുടിക്കുന്ന ഗര്‍ഭ പാത്രമാകുന്നു . അവിടെ കഴുതയുടെ വടിവില്‍ കാത്തിരിക്കുന്ന നല്ലവനായ മഹാബലി . സ്ത്രീയും പുരുഷനും വന്നതും സംഗമിക്കുന്നതും  ഇവിടുന്നു തന്നെ . ഗുഹയുടെ കാളിമയിലേക്ക്  തിരികെ പോകാന്‍ തയാറെടുക്കുന്ന  പുരുഷനും സ്ത്രീയും നഗ്നരായി തല കീഴ്പ്പോട്ടായി തൂങ്ങി കിടക്കുന്നതും പ്രതീകാത്മകമായിരുന്നു. ഗര്‍ഭ പാത്രത്തില്‍ നിന്നും വരുന്ന കുഞ്ഞു തല കുത്തി പുറത്തേക്ക് വരുന്നു . കുഞ്ഞുങ്ങള്‍ അറിവ് തികഞ്ഞവരായിരിക്കാം  . വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി അറിവ് മുരടിച്ചു പോകുന്നവോ ? സാഹചര്യങ്ങള്‍ തീര്‍ക്കുന്ന അറിവ്  ഗുഹയില്‍ നിന്നും കിട്ടിയ അറിവില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കാം. അകന്നു പോകുന്തോറും അറ്റ് പോകുന്ന ജീവനെക്കുറിച്ചുള്ള  തിരിച്ചറിവ്.  മനുഷ്യന്‍ അറിഞ്ഞും അറിയാതെയും രൂപപ്പെടുത്തിയ സംസ്കാരത്തിന്റെ ശൂന്യത , കഴിവില്ലായ്മ , ഇതൊക്കെ എന്മകജെയുടെ അവസാനത്തെ അധ്യായത്തെ നിറവുള്ളതാക്കുന്നു     . 

ദേവയാനി  എന്ന സ്ത്രീയെ  പുരുഷ നിര്‍മ്മിത സമൂഹ വ്യവസ്ഥിതിയുടെ ഒരു ദയനീയ പരാജമായി ചിത്രീകരിച്ചത് എഴുത്തുക്കാരന്റെ സാമൂഹ്യ പ്രതിബദ്ധതയെ കാണിക്കുന്നു. അവള്‍ പുരുഷ നിര്‍മ്മിത പേര് പോലും കളഞ്ഞു നില്‍ക്കുമ്പോള്‍ സംസ്കാരങ്ങള്‍ക്കു അടിമപ്പടാതെ ജീവിക്കാനുള്ള പ്രകൃതിദത്തമായ കരുത്തും ഉദാത്തമായ പ്രണയവും പേറിയവളാകുന്നു  . സ്വയം ഒരു ഗുഹയെ ചുമന്നു നടക്കുന്ന ആദി സൃഷ്ടി മാതാവ്....

എനമകജെ  പൂര്‍ണതയില്‍ ലയിക്കുന്ന ഉദാത്തമായ നിമിഷങ്ങള്‍. .....എന്മകജെ ഒരു ലോകോത്തര സര്‍ഗാത്മക രചന എന്നുള്ളതിന് യാതൊരു സംശയമില്ല.