Thursday, September 10, 2009

സ്‌ത്രീ, ഓര്‍മ, വ്യാകരണം .....


ഓര്‍മ്മകള്‍ ഭീകര ഓര്‍മ്മകള്‍ ,
ഇന്നലെകളിന്‍ ഞെരുക്കം, നാളെയുടെ അജ്ഞത
മുഖകുരുക്കള്‍ മുളക്കും മുമ്പെ മുലകള്‍ മൂക്കും മുമ്പെ
തുടയിലൂടെ ഒഴുകാന്‍ പറ്റാതെ പതഞ്ഞു നില്‍ക്കും പശ
അന്ന് നഷ്ട്ടപ്പെട്ട ഇന്നുകള്‍ ,ഇന്നും തിരിച്ചെടുക്കാനാവാതെ ....
ജീവിതം, ഭുതക്കാലത്തിന്റെ പേടിപ്പിക്കുന്ന ഓര്‍മകളും
ഭാവിയോടുള്ള കടുത്ത ആഗ്രഹവും ..
അവള്‍ക്കു ഇന്നുകള്‍ ഇല്ലാതെയായി
തുടയിലെ പശപശപ്പ് നവ ദ്വാരങ്ങളിലും ഒട്ടി പിടിച്ചു
അവളെ പിന്തുടര്‍ന്ന ആ ചീത്ത മണം ഓര്‍മകളുടെ മണം ആയി
ഒരിക്കലും ഇഷ്ടമില്ലാത്ത ഇന്നലെകള്‍ മാത്രമായി മനസ്സും
വര്‍ത്തമാനം സ്വപ്നമായി
ഭാവി വര്‍ത്തമാനമായി
മനസ്സില്‍ തകരുന്ന പുരുഷ സങ്കല്പങ്ങള്‍
അതില്‍ അമ്മാവനും ഇളയച്ചനും സ്കൂള്‍ അധ്യാപകനും
സഹപാഠിയും സുഹൃത്തും അയല്‍വാസിയും പരിചയക്കാരനും, അപരിചിതനും.
ഈശ്വരന്മാര്‍ എന്നോ പടിയിറങ്ങിയ ബോധ മണ്ഡലത്തില്‍
സ്വത്വം നഷ്ടപെട്ട സ്ത്രീ രൂപങ്ങള്‍
അവ്യക്തത, തികഞ്ഞ അസ്വസ്ഥത ..
അമ്മ , സഹോദരി ,കൂട്ടുക്കാരി ,മകള്‍ ,അദ്ധ്യാപിക ,അമ്മൂമ്മ പിന്നെയും കുറെ മുലകളുള്ളവര്‍
ഇന്നെത്തെ സൂര്യ താപം അറിയാതെ, ഇന്നെത്തെ മഴ നനയാതെ ,
ഇന്നത്തെ പുഴ ഒഴുകാതെ , ഇന്നത്തെ പ്രണയം കൊള്ളാതെ,
ഇന്നത്തെ രാവിന്‍ കാമം നിറയ്ക്കാതെ ,
അവ്യക്തത ,സ്ത്രീ ,അജ്ഞത ,
അവനൊരുക്കിയ സൌന്ദര്യ മത്സരങ്ങള്‍ ,കുടുംബ പകിട്ടുകള്‍ , ജോലികള്‍
നിറങ്ങള്‍ , വ്യാകരണങ്ങള്‍ ..........
സ്ത്രീ, വേഷങ്ങള്‍ , ആവേശങ്ങള്‍ ,
ഇന്നുകള്‍ ഇല്ലാത്ത ഒരേയൊരു ഭുമി തന്‍ അവ്യക്ത ജീവന്‍
ഞാന്‍ .... വിശദീകരണങ്ങള്‍ ഇല്ലാത്ത ഞാന്‍
വ്യാകരണങ്ങള്‍ ഇല്ലാത്തൊരു ഇന്നിനു വേണ്ടി