Wednesday, April 28, 2010

നിന്നെ തേടുമ്പോള്‍



നീ എവിടെയാണ്?
ആര്‍ക്കോ വേണ്ടി നീ ഉടുത്തൊരുങ്ങിയ  
തണുത്ത നിറങ്ങളിലും 
വേദന മാറ്റാന്‍ നീ പുകച്ച
സിഗരറ്റ് പുകയിലും ,
തണുപ്പകറ്റാന്‍ നീ ഊതികുടിച്ച ചായയിലും 
നിന്നില്‍ നിന്നും തെറിച്ചു വീണ 
നെടുന്നിശ്വാസങ്ങളിലും 
നീ ഇല്ല..

നീ കണ്ട ശിവാനി കുന്നുകളിലും 
നിന്നെ കോരി തരിപ്പിച്ച 
സുന്ദരിയുടെ മുല ഇടുക്കിലും 
നീ അഭയം തേടിയ ഏദന്‍ തോട്ടത്തിലും
നിന്നെ ശുദ്ധീകരിച്ച യൂഫ്രട്ടീസിലും 
നീ ഇല്ല ..

നീ എപ്പോഴും നനയുന്ന മഴ ഇറമ്പിലും
നിന്നോട് മത്സരിക്കും
വെയിലിന്റെ തീക്ഷണ നാവുകളിലും 
നീ ദിശ തേടുന്ന തെരുവ്  മുനകളിലും
നിന്നെ അവഗണിക്കുന്ന കാറ്റിലും
നീ  ഇല്ല....

നിന്റെ വിരുന്നുണ്ട്‌ നിറഞ്ഞ ചിരികളിലും
നീ  പകര്‍ന്ന സൗഹൃതങ്ങളിലും ,
നീ മെരുക്കാത്ത അയല്‍ മനുഷ്യരിലും
വായിക്കാന്‍ നീ ഒരുക്കുന്ന അക്ഷരങ്ങളിലും
നീ ഇല്ല.........

നീ ഇപ്പോള്‍ എവിടെയാണ് ? 


Tuesday, April 20, 2010

മലയാളീ പുരുഷന്മാര്‍ ലൈംഗിക പട്ടിണിയിലോ?







മലയാളീ പുരുഷന്മാര്‍ ലൈംഗിക പട്ടിണിയിലോ?  






                                       കേരളത്തില്‍ സൗഹൃതം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വസ്തുതയാണ്. അത് ആണും പെണ്ണും തമ്മിലുള്ളതാണ് എങ്കിലോ തീര്‍ന്നില്ലേ . ഇത്രക്കും പക്വതയില്ലാത്ത ഒരു സമൂഹം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാണാന്‍ പറ്റൂ . കേരളത്തിനു പുറത്ത് വന്ന പല സ്ത്രീകളും  അവരുടെ സ്വന്തം വ്യക്തിത്വം ഉയര്‍ത്തി കാണിക്കുന്നത് നമ്മള്‍ കാണുന്നുമുണ്ട്. അരുന്ധതി റോയ് അടക്കമുള്ള   എത്രയോ പ്രശസ്തരും മുഖ്യരുമായ സ്ത്രീകള്‍ കേരളത്തിനു പുറത്ത് ജീവിക്കുന്നു. ഇവര്‍ക്കൊന്നും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കേരളത്തിനോട് ക്ഷമിക്കണം മലയാളീ പുരുഷന്മാരോട് അങ്ങേയറ്റം വെറുപ്പാണ്. ഈ വെറുപ്പ്‌ ചിലരില്‍ ഭയമായും, ചിലരില്‍ സങ്കടമായും മറ്റു ചിലരില്‍ ദേഷ്യമായും കാണുന്നു.  കേരളത്തില്‍ ഒരു പ്രാവശ്യം യാത്ര ചെയ്ത ഏതൊരു  മറു നാടന്‍ സ്ത്രീക്കും ഇതേ വാക്കുകളാണ് പറയാനുള്ളത്.

                                    ഇതിലൊക്കെ രസം കേരളത്തിനു പുറത്ത് പോയ ഒട്ടു മുക്കാല്‍ പുരുഷന്മാരിലും , സ്ത്രീകളില്‍ കാണുന്ന മേല്‍പ്പറഞ്ഞ വ്യക്തമായ ഗുണം കാണാന്‍ കഴിയുന്നില്ല എന്നതാണ്. എവിടെ പോയാലും സ്ത്രീകളോടുള്ള പെരുമാറ്റവും മറ്റും ഇവര്‍ക്ക് ഒരു പോലെയാണ്. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുക, ഇവരെ മൈന്‍ഡ് ചെയ്യാതെ നടക്കുന്ന സ്ത്രീകളെ അത് ഒരു പോക്ക് കേസാണെന്ന് പറയുക, ഇവരെ സുഹൃത്തുക്കളായി കാണുന്ന സ്ത്രീകളെ പോലും,  കൂടി കുടിക്കുന്ന നേരങ്ങളില്‍ സഹ കുടിയന്മാരോടു വളരെ മോശമായി അവതരിപ്പിക്കുക , മോറല്‍ പോലിസിംഗ് നടത്തി ആ സ്ത്രീയുടെ ഫോണ്‍ നമ്പരും വിലാസവും ഒക്കെ സഹ മലയാളീ കുടിയന്മാര്‍ക്ക് കൊടുക്കുക , അവരോടൊപ്പം ശയിച്ചതായും കാമ കേളികളില്‍  ഏര്‍പ്പെട്ടതായും അങ്ങിനെ ഒരായിരം നുണക്കഥകള്‍ ചമയ്ക്കുക ,തുടങ്ങി ഒരു കൂട്ടം നല്ല പെരുമാറ്റങ്ങള്‍ മലയാളികളില്‍ മാത്രം കാണുന്ന ഒരു അദ്ഭുത കഴിവാണ് എന്നാണു  സകല സ്ത്രീകളും പറയുന്നത്.      

                                  എനിക്ക് വളരെ പരിചയമുള്ള ഒരു ആണ്‍ പത്രക്കാരന്‍ ഇന്നലെ ഫോണില്‍ വിളിച്ചു . ഒരു സൗഹൃത സംഭാഷണം അത്ര തന്നെ  . അപ്പോള്‍ ഒരു ചില രാഷ്ട്രീയക്കാരായ സ്ത്രീകളെ ക്കുറിച്ചും ,33 % സംവരണത്തെ ക്കുറിച്ചും ബില്‍ നടപ്പാക്കാന്‍ നേരം നടന്ന രാഷ്ട്രീയ  പൊറാട്ട് ക്കളിയെ  കുറിച്ചും ഒക്കെ സംസാരിച്ചു വന്നപ്പോള്‍ അയാള്‍ പെട്ടെന്ന് ഒരു സ്ത്രീയെ വളരെ മോശമായി അവതരിപ്പിച്ചു. എനിക്ക് വല്ലാതെ കോപം വന്നു. അത് ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു . അതിനു അയാള്‍ പറഞ്ഞ വാക്ക് ഇതാണ്. "നിനക്കെന്തു കുന്തം അറിയാം. ഇവളുമാരൊക്കെ എത്ര റസ്റ്റ്‌ ഹൗസസ് കണ്ടിട്ടാണ് ഇങ്ങിനെയൊരു പൊസിഷനില്‍ വരുന്നത് അറിയോമോ ? എല്ലാം തനി പോക്ക് കേസുകളാ ഇവളുമാരാന് നമ്മളെ ഭരിക്കാന്‍ വരുന്നത്. നാട് നന്നായത് തന്നെ."  ഇത് കേട്ടപ്പോള്‍ അയാളോട് ഞാന്‍ ചോദിച്ചു ഇവിടെ ഭരിക്കുന്ന എല്ലാ ആണുങ്ങളും വളരെ നല്ലവരാണോ? ഇവര്‍ ഇതൊന്നും ചെയ്തില്ലേ. ഭരണം കൈയില്‍ കിട്ടാന്‍ സ്ത്രീകള്‍ ആരുടെ കൂടെയാണ് ഇത്തരം " തെറ്റുകള്‍ " ചെയ്യേണ്ടത്. ഈ പുരുഷന്മാര്‍ക്ക് അതില്‍  ഒട്ടും പങ്കില്ലേ.  ഒരു കര്‍മം തെറ്റെങ്കില്‍ അതില്‍ പങ്കാളികള്‍ ആയ രണ്ടുപേരും തെറ്റുക്കാരല്ലേ. ഇവിടെ സ്ത്രീകള്‍ മാത്രം എങ്ങിനെ തെറ്റുക്കാരാവുന്നു . രാഷ്ട്രീയം വ്യാപാരമായി എന്ന് കൂവി നടക്കുന്നവര്‍ക്ക് സ്ത്രീകള്‍ വന്നപ്പോള്‍ അതിനു മറ്റൊരു വിശദീകരണം കൊടുക്കാന്‍ എളുപ്പമായി. 

                                    ഇതിലൊക്കെ    തമാശ , മീഡിയയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളും മലയാളീ പുരുഷന്മാരുടെ മുമ്പില്‍ പോക്ക് കേസാണ്. ചെന്നൈയില്‍ ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ .  സമൂഹത്തില്‍ ആണുങ്ങള്‍ ഏര്‍പ്പെടുത്തിയ ഒരു നിയമങ്ങളെയും അനുസരിക്കാത്തെ അവരെ കുറിച്ച് ഇനി പറയാത്തതായി ഒന്നുമില്ല. സുന്ദരിയായ അവള്‍ എന്റെ നല്ലൊരു സുഹൃത്താണ്. ഒട്ടും ആണുങ്ങളെ വക വെയ്ക്കാതെയുള്ള    അവളുടെ ജീവിതം എത്രയോ  മാധ്യമ പ്രവര്‍ത്തകരെ പോലും ചൊടിപ്പിച്ചിട്ടുണ്ട് . അവള്‍ക്കു  തെറികളും ലൈംഗിക വേഴ്ചൈക്കായുള്ള ക്ഷണങ്ങളും   എസ എം എസ ആയി അയച്ചിരുന്ന  കേരളത്തിലെ വളരെ പ്രശസ്ത ചാനലിലെ റിപ്പോര്‍ട്ടറെ അവള്‍ ശാസിച്ചതിനു അയാള്‍ ചെയ്ത അറ്റകൈ അവളെ   മാനസികമായി തകര്‍ത്തു കളഞ്ഞു. അയാള്‍ അവളെ കുറിച്ചൊരു പ്രൊഫൈല്‍ ഉണ്ടാക്കി ഒരു വെബ്‌ പേജില്‍ പ്രസിദ്ധീകരിച്ചു . അതില്‍ അവള്‍ available ആയ ഒരു പെണ്ണെന്നും പല തരത്തിലുള്ള സെക്സ് ഇഷ്ടപ്പെടുന്നുവെന്നും ഒക്കെ ആയിരുന്നു. കൂടാതെ അവളുടെ നമ്പരും അതില്‍ അയാള്‍ പരസ്യപ്പെടുത്തി .പിന്നീട് വന്ന ഫോണ്‍ വിളികളെ കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്ക്ക് മനസിലാക്കാമല്ലോ . ആ ചാനലിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍  അവിടെ ഭരിക്കുന്ന ആണുങ്ങള്‍ക്ക് അത് പുല്ലു വിലയായിരുന്നു.  അവര്‍ അയാളെ ചെറുതായിട്ട് ശാസിച്ചു വിട്ടു. ഇന്നും ആ റിപ്പോര്‍ട്ടര്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നു. എന്താണാവോ അയാള്‍ക്കും ചാനലിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കും തമ്മിലുള്ള കള്ളകളി . 

                                      അരുന്ധതി റോയ് പറഞ്ഞത് ഓര്‍മ വരുന്നു , കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പോലും തന്റെ മുഖത്ത് നോക്കി സംസാരിക്കാറില്ല. എന്റെ മാറത്തു നോക്കിയാണ് സംസാരിക്കുന്നത്. ഇതിനു  എഴുത്തുക്കാരന്‍ സക്കറിയ പ്രതികരിച്ചത് ഇങ്ങിനെ  ,ഇങ്ങിനെയുള്ള ഒരു സ്ഥിതി വരാന്‍ കാരണം കേരളത്തിലെ പുരുഷന്മാര്‍ അങ്ങേയറ്റം ലൈംഗിക പട്ടിണി അനുഭവിക്കുന്നവര്‍ ആയതു കൊണ്ടാണ്   എന്നാണു .   വളരെ ശരിയാണെന്ന് തന്നെ അതിനെ എടുക്കേണ്ടി വരും. ഞാന്‍ നേരത്തെ പറഞ്ഞ രണ്ടു സംഭവങ്ങളിലും പുരുഷന്മാരില്‍ കാണുന്ന മാനസിക അവസ്ഥ തെല്ലു വിഷമം ഉണ്ടാക്കുന്ന ഒന്നാണ്  . സ്ത്രീകളെ അംഗീകരിക്കേണ്ട . പക്ഷെ അവരെ തെറി പറയാതെ അവരുടെ മേല്‍ വ്യഭിചാര പഴി ചാര്‍ത്താതെ ഇരുന്നൂടെ . 

                           ഈയിടെ  ഇറാനിലെ മത പണ്ഡിതര്‍ ഭൂമികുലുക്കതിനും അഗ്നി പര്‍വത പൊട്ടിത്തെറിക്കും കാരണം മുസ്ലീം സ്ത്രീകളുടെ ഇന്നത്തെ വസ്ത്ര ധാരണ രീതിയാണ് എന്ന് പറഞ്ഞിരിക്കുന്നു . ടെഹ്‌റാനില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭൂമി കുലുക്കത്തിന് കാരണമാകാന്‍ പോകുന്നത് ഈ കാരണം ആണ് എന്നാണു അവരുടെ മതം   ശരീരം മുഴുവനും മറയ്ക്കാതെയും മറ്റും ഉള്ള വസ്ത്ര രീതി പുരുഷന്മാരെ വഴി തെറ്റിക്കുന്നു എന്നും അത് ഒരു ചീത്ത സമൂഹത്തിനു കാരണമാകുന്നു എന്നും പറഞ്ഞിരിക്കുന്നു.   ഇത് മതാചാരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങിനെ പറഞ്ഞാതാണ്. 
                       
  പക്ഷെ കേരളത്തിലെ സ്ത്രീകള്‍ക്ക് സദാചാര നിര്‍ബന്ധിത നിയമങ്ങള്‍ തൊട്ടു കല്യാണം എന്ന ഒരു വലിയ ശിക്ഷ തൊട്ടു സന്ധ്യക്ക്‌ ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യ വിലക്ക് തൊട്ടു ,വസ്ത്രധാരണ രീതിയില്‍ ആണുങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള തനിമ എന്ന ഓമന പേര് നല്‍കി പോറ്റി വളര്‍ത്തുന്ന ചട്ടങ്ങള്‍ തൊട്ടു ഇന്നെത്തെ മോറല്‍ പോലീസിംഗ് വരെ (അതില്‍ ഇന്ന് വോയെറിസം എന്ന അതി മനോഹരമായ കലയും പെടും) എത്ര എത്ര മതിലുകള്‍. ഇതൊക്കെ മറികടന്നു ജീവിക്കുന്ന സ്ത്രീകള്‍ ഉള്ളതുക്കൊണ്ടാണ് കേരളത്തില്‍ ഇന്ന് കാണുന്ന സകല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പറമ്പികുളം പദ്ധതി പ്രശ്നം തൊട്ടു ഇന്നത്തെ കൊച്ചി ഐ പി എല്‍ പ്രശ്നം വരെ അതാകാം കാരണം എന്ന് പരോക്ഷമായി പറയുന്ന എത്രയോ പുരുഷ കേസരികള്‍ മലയാളത്തില്‍ ഉണ്ടെന്നത് മറക്കരുത്. പല മലയാള സിനിമകളിലും നാം അത് കണ്ടിട്ടുണ്ട് . ഇങ്ങിനെയൊക്കെ  സ്ത്രീകള്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങി പുറപ്പെട്ടതാണ് നാട് തല തിരിഞ്ഞു പോകാന്‍ കാരണം. നെടുമുടി വേണുവിനെ കൊണ്ടോ മറ്റോ ഇങ്ങിനെ ഒരു സംഭാഷണം പറയിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സിനിമ ഓര്‍മ വരുന്നില്ല . ഇത് മാത്രമല്ല ഇപ്പോഴത്തെ സിനിമകളില്‍ വരുന്ന വയസ്സന്മാരായ നടന്മാരെല്ലാം വാചക മന്നന്മാരാന്. പലപ്പോഴും അവരുടെ അടങ്ങാത്ത പുരുഷത്വ ഗുണങ്ങളെ കാണിക്കാന്‍ പറയുന്ന വാചകങ്ങള്‍ മുഴുവനും സ്ത്രീകള്‍ക്ക് എതിരായതായിരിക്കും എന്നതാണ് പ്രത്യേകത .എന്നിട്ടോ പേര മോളുടെ പ്രായത്തില്‍ ഒരു കുഞ്ഞു പെണ്ണിന്റെ ഒപ്പം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ , അയ്യോ പറയാനെളുതാമോ?  അപ്പൂപ്പനും ചെറു മോളും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ നമുക്ക് അല്ലെങ്കില്‍ പോട്ടെ നമ്മുടെ മലയാളീ ആണുങ്ങള്‍ക്ക് ഒരു നല്ല സന്ദേശം തരുന്നുണ്ട്. എന്താണ് എന്നല്ലേ? 

ആണുങ്ങള്‍ക്ക്  വയസ്സായാലും കാമം ഉണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള പെണ്ണിനെ  തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യവും ഉണ്ട്. .............അയ്യോ ..........................സ്ത്രീകള്‍ക്കോ ?