അതുപോലൊരു നടന്‍ നമ്മുടെ കൊച്ചു മലയാളത്തിലും ഉണ്ട്. ശരിക്കും ഒരു നാട്യ തികവ് . മധ്യ വര്‍ത്തി കച്ചവട സിനിമകളിലെ അടിപൊളി മധ്യസ്ഥായി നായകന്മാരുടെ നിരയ്ക്ക് തട്ടിയ വ്യതി ചലനം . ഉറപ്പുള്ള അഭിനയ സാങ്കേതിക തികവുമായി തിളങ്ങുന്ന ഒരു നടന്‍. തിലകന്‍ . ചിത്രത്തിലെ നായകന്‍ ആരെന്നോ സംവിധായകന്‍ ആരെന്നോ ഇവിടെ പ്രശ്നമല്ല. തിലകന്റെ കഥാപാത്രത്തിനു പുതുമ കിട്ടാന്‍ തിലകന്‍ മാത്രം മതി.
@ മോഹന്‍ലാലോ മമ്മൂട്ടിയോ വേറെ ആരെങ്കിലുമോ താങ്കള്‍ക്ക് ഒരു വെല്ലുവിളിയായിട്ടു തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വളരെ കണിശമായ ഭാഷയില്‍ വ്യക്തമായി തിലകന്‍ പറഞ്ഞു ,
" ഇല്ല എന്റെ കഥാപാത്രത്തില്‍ ഞാന്‍ കേറികഴിഞ്ഞാല്‍ പിന്നെ എന്റെ ശരീര ഭാഷ മുഴുവനും ആ കഥാപാത്രത്തിന്റെ മനസ്സിനനുസരിച്ചു ആയിരിക്കും . ഒരു നോട്ടം പോലും തിലകന്റെ ആവില്ല. ഇവിടെ എവിടെയാണ് തിലകനും അയാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും . അതുകൊണ്ട് തന്നെ എനിക്ക് അപ്പോള്‍ മോഹന്‍ലാലിനെയോ മംമൂട്ടിയെയോ പരിചയം ഉണ്ടാവില്ല "
സ്ഫടികം എന്ന പടം ഭദ്രന്റെ ആണ്. മോഹന്‍ലാലിന്റെ ആണ്. പക്ഷെ ആ സിനിമ കണക്കിലൂടെ മാത്രം കുടുംബത്തെ നോക്കി കണ്ടിരുന്ന ലോകത്തെ കണ്ടിരുന്ന ഒരു സ്കൂള്‍ അധ്യാപകന്റെ സിനിമയാണ്. അയാളുടെ ലോകത്തുണ്ടായ വ്യതിയാനങ്ങളുടെ ,പ്രശ്നങ്ങളുടെ കഥ . അയാളുടെ അതീവ ശ്രദ്ധയുടെ കഥ . ശ്രദ്ധ ചോര്‍ച്ചകളുടെ കഥ . കണക്കുക്കൂട്ടലിന്റെയും കിഴിക്കലിന്റെയും കഥ. അവസാനം വരെ ആ കണക്കധ്യാപകന്റെ ഭാവത്തിലൂടെ മാത്രം കഥയും സംവിധായകനും സഞ്ചരിക്കേണ്ടി വന്നതിന്റെ കഥ. അത് അങ്ങനയേ വരൂ. കാരണം ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് തിലകനായിരുന്നു. കിരീടത്തിലെ സേതു എന്ന കഥാപാത്രത്തിനു മീഡിയ ഉണ്ടാക്കിയെടുത്ത ഒരു പ്രഭാവം അല്ല തിലകന് .മകനെ പോലിസ് ഉദ്യോഗസ്ഥന്‍ ആക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന സാധാരണ പോലിസുക്കാരനായ ഒരു അച്ഛന്റെ നിരാശയുടെയും അഭിമാനക്ഷതത്തിന്റെയും കഴിവില്ലായ്മയുടെയും കഥയാണ്. അവിടെയാണ് സിനിമ വിജയിച്ചത്. അതാണ് സത്യവും.
പിന്നെ തിലകന് കിട്ടാതെ പോയ ഭാരത സര്‍ക്കാരിന്റെ നല്ല നടനുള്ള പുരസ്ക്കാരങ്ങള്‍ , അത് നല്ല അഭിനയം ഓരോ പ്രാവശ്യവും തോറ്റ് പോകുന്നതിന്റെ വിജയമായിരുന്നു. അല്ലെങ്കില്‍ മീഡിയ ഉണ്ടാക്കിയെടുത്ത ശക്തമായ ഒരു ലോബിയുടെ അല്ലെങ്കില്‍ ശക്തികേന്ദ്രങ്ങളിന്‍ പിടിപ്പാടുകളുടെ ആഘോഷമായിരുന്നു. എന്നും തിലകന്റെ നല്ല കഥാപാത്രങ്ങള്‍ രണ്ടാം നിലയില്‍ നിന്നോ മൂന്നാം നിലയില്‍ നിന്നോ ആണ് വിലയിരുത്തപ്പെട്ടിട്ടുള്ളത് അതിനു ഏറെ കാരണങ്ങളൊന്നും ഇല്ല . ഒരൊറ്റ കാരണമേ ഉള്ളൂ ,കല കളഞ്ഞ കറ തീര്‍ന്ന കച്ചവട മൂല്യം .അത് തന്നെ.
1990 ഇല്‍ തിലകന് ഏറ്റവും നല്ല നടനുള്ള പുരസ്ക്കാരം നല്‍കാന്‍ തീരുമാനിച്ചതായിരുന്നു.പെരുന്തച്ചനായി ജീവിച്ചതുക്കൊണ്ട് . പെരുന്തച്ചന്‍ എന്ന സിനിമയിലെ അഭിനയം, ഇന്ത്യന്‍ അഭിനയ വേദിക്ക് തന്നെ ഒരു പുത്തന്‍ വ്യാകരണം നല്‍കി . ഒരു റെക്കോര്‍ഡ് നാട്യം . പക്ഷെ അമിതാഭ് ബച്ചന്‍ എന്ന ഇന്ത്യന്‍ കച്ചവട സിനിമാ മൂര്‍ത്തിയുടെ ചില വേലത്തരങ്ങള്‍ മൂലം തിലകന് ആ award നഷ്ടപ്പെട്ടു. . അന്ന് അമിതാഭ് ബച്ചന്‍ ഒരു പ്രസ്താവന പുറത്തിറക്കി. താന്‍ അഭിനയ ലോകത്ത് നിന്നും വിടവാങ്ങുന്നു എന്നൊക്കെ. അതിനു സര്‍ക്കാരിന്റെയും ചില ശിന്കിടികളുടെയും പാരിതോഷികമായിരുന്നു ബച്ചന് നല്ല നടനുള്ള award . ഇന്നും ബച്ചന്‍ സിനിമയില്‍ ഉണ്ട്. പാവം തിലകനിലെ അത്ഭുദ നടന്‍. ഇതൊക്കെയാണ് പുരസ്കാരങ്ങളുടെ കഥ.
നമ്മുടെ കഥകള്‍
ഒരു നാട്ടിലൊരു രാജാവോ സമ്പന്നനോ ഉണ്ടായിരുന്നു. അവര്‍ക്കൊരു മകളോ മകനോ ഉണ്ടായിരുന്നു. അവന്‍/ അവള്‍ ഒരു പാവപ്പെട്ടവന്റെ മകനെ/മകളെ പ്രണയിക്കുന്നു. ഇതിനു ചുറ്റും ചുറ്റി നടക്കുന്ന ഒട്ടും കഴമ്പില്ലാത്ത കഥകള്‍ തന്നെയാണ് എത്രയോ കാലങ്ങളായി നാം കൊണ്ട് നടക്കുന്നത്. രാമായണ കഥയുടെ പ്രതി രൂപങ്ങള്‍. ശക്തനായ വില്ലനും എല്ലാം തികഞ്ഞ നായകനും തമ്മിലുള്ള തുറന്ന യുദ്ധം. അതിനു കാരണമാകുന്ന കുറെ സ്ത്രീ കഥാപാത്രങ്ങളും . കുറെയേറെ പാട്ടുകളും പിന്നെ യുദ്ധങ്ങളും. ഇന്നും കേരളത്തിന്റെ സ്ഥിതി ഇതൊക്കെ തന്നെ. മലയാള സിനിമക്ക് ഒരു മാറ്റവും വരാതെ സൂക്ഷിക്കുന്ന ഈ സ്ഥിതി വിശേഷം എന്തിനെയാണ് സൂചിപ്പിക്കുന്നത് ? ഇതോണോ രാമ രാജ്യം എന്ന് പറയുന്നത് ?
ഇപ്പോള്‍ ടിവി ചാനലുകളില്‍ പല പല പഴയ ,പുതിയ പടങ്ങള്‍ കാണാന്‍ കിട്ടുന്നുണ്ട് . എല്ലാ കഥകളും ഒന്ന് പോലെ ,എല്ലാ നായകന്മാരും ഒന്ന് പോലെ, എല്ലാ നായികമാരുടെയും അമ്മ കഥാപാത്രങ്ങളുടെയും കണ്ണീരിന്റെ കാരണവും ഒന്ന് പോലെ. മാവേലി നാട് വാണീടും പോലെ .
@ ഇതിനെ കുറിച്ച് തിലകന് വ്യക്തമായ ഉത്തരം ഉണ്ട്.
" സംഭാഷണങ്ങള്‍ പോലും ഒന്നുപോലെ .മലയാളത്തില്‍ സ്രഷ്ടാക്കളുണ്ട് സൃഷ്ടികള്‍ ഇല്ല . എല്ലാവരും പറയുന്നു ഞാന്‍ സൃഷ്ടിക്കുന്നു സൃഷ്ടിക്കുന്നു എന്ന്. എന്താണ് സൃഷ്ടിച്ചത് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല . "
വ്യാസനും വാത്മീകിയും പിന്നെ ആയിരത്തൊന്നു രാവുകളും. ഇപ്പൊ പിന്നെ കുറെ ഇംഗ്ലീഷ് ഫ്രഞ്ച് പടങ്ങളുടെ സിഡികളും . . പിന്നെ മറ്റു കഥാപാത്രങ്ങളെ തിരെഞ്ഞെടുക്കാനുള്ള കഷ്ടപ്പാടൊന്നും മലയാള സംവിധായകനില്ല . അതൊക്കെ നായക നടന്മാര്‍ നോക്കിക്കോളും , ക്ലൈമാക്സ് ഉം ഉണ്ടാക്കുന്നത് അവരാണ് എന്നാണു പറഞ്ഞു കേള്‍വി. മലയാള സിനിമ ഉണ്ടാക്കാന്‍ എന്തെളുപ്പം അല്ലെ ?
ഏദന്‍ തോട്ടം
ആദാമിനോട് ദൈവം പറഞ്ഞു . "ആദാമേ ആദാമേ ദൈവമായ ഞാന്‍ നിന്നെ ഈ വനിയില്‍ വാഴിക്കുന്നത് കായ് കനികള്‍ തിന്നു ജീവിക്കാനാണ് . നീ തിന്നും കുടിച്ചും ദിനരാത്രങ്ങളെ എണ്ണി തിട്ടപ്പെടുത്താതെയും ജീവിക്കൂ. നിനക്ക് കൂട്ടിനായി ഞാന്‍ അവ്വയെയും തരുന്നു. സ്ത്രീയെ ഒരു സുഖമാക്കൂ .ഒരാളെയും ദൈവത്തെ പോലെയാകുവാന്‍ ദൈവമായ ഞാന്‍ സമ്മതിക്കയില്ല. ഇതിനെതിരായി നീ പ്രവര്‍ത്തിച്ചാല്‍ സൃഷ്ടിച്ചാല്‍ നിന്നെ ദൈവമായ ഞാന്‍ ഈ വനിയില്‍ നിന്നും ചവുട്ടി പുറത്താക്കും . ഇത് അനുസരിച്ചു ജീവിക്കുന്നവന് ദൈവത്തിന്റെ കൂടുതല്‍ ഫലങ്ങള്‍ ഭുജിക്കാനും മറ്റും സാധിക്കും."
മലയാള സിനിമയും ഏകദേശം ഇത് പോലെ ആണെന്ന് തിലകന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ തോന്നുന്നു. മലയാള സിനിമയിലെ ദൈവങ്ങള്‍ കല്പ്പിചിറക്കിയ നിയമങ്ങള്‍ തെറ്റിച്ചവരെ ദൈവങ്ങള്‍ ചവുട്ടിയും പുകച്ചും വനിയില്‍ നിന്നും പുറത്താക്കി .
(എന്തിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി .
തോട്ടം സൂക്ഷിപ്പാണോ കായ് കനികള്‍ ഭക്ഷിപ്പാനോ?
തോട്ടാക്കാരന്‍ പയ്യന്‍ വന്ത്.............
നന്ദി ശ്രീ ഐ .വി ശശി )
ഇതില്‍ നിന്നും ഒന്നുക്കൂടി നമുക്ക് മനസ്സിലായി. ഏദന്‍ തോട്ടം ഉണ്ടായതും ഇന്നും നിലനില്‍ക്കുന്നതും കേരളത്തില്‍ മാത്രം ആണ് . മാത്രമല്ല ദൈവങ്ങളുടെ സ്വന്തം നാടും കേരളമാണ് .
മൂന്നാം ലോക സിനിമകള്‍
ഇറാനിയന്‍ ,ആഫ്രിക്കന്‍ , ലത്തീന്‍ അമേരിക്കന്‍ സിനിമകളിലൊക്കെ കാണുന്ന ഇതിവൃത്തങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നു. യുദ്ധ കെടുതികളില്‍ ഉഴലുന്ന , ദാരിദ്ര്യം കൊല്ലുന്ന ജനതയുടെ പ്രശ്നങ്ങള്‍ പലതും പുറം ലോകം അറിഞ്ഞത് തന്നെ മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നും വന്ന സിനിമകളിലൂടെ ആയിരുന്നു. വളര്‍ന്ന നാടുകളുടെ അവശിഷ്ടങ്ങളെ പേറിയും ,പേറുന്നത് അറിയാതെയും ജീവിക്കുന്ന സമൂഹങ്ങളെ , ചരിത്രാവശിഷ്ടങ്ങളായി പോകുന്ന സംസ്കാരങ്ങളെ , ഒതുക്കപ്പട്ട മനുഷ്യരെ പ്രതിനിധീകരിച്ചു പുറത്ത് വരുന്ന സിനിമകള്‍ ലോക സിനിമാ ലോകത്ത് വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നമ്മുടെ സിനിമകള്‍ ഇപ്പോഴും ഏദന്‍ തോട്ടത്തില്‍ സുഖമായി കഴിയുന്ന ദൈവ ദാസന്മാരുടെതായി തന്നെ തുടരുന്നു. ഇവിടെ എത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ട്. ഒരു മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഇല്ലായ്മ തൊട്ട് വര്‍ധിച്ചു വരുന്ന സ്ത്രീ പീറനങ്ങള്‍ ആത്മഹത്യകള്‍ ,അമിതമായ മദ്യാസക്തി ,പ്രകൃതി നാശം , ഭക്ഷണം ഇല്ലായ്മ ഇവയൊന്നും നമുക്ക് വിഷയങ്ങളല്ല. എപ്പൊഴും പ്രണയവും കാമവും .അതിനു വേണ്ടി ഉണ്ടാക്കുന്ന കശ പിശകളും. സാമൂഹിക പ്രതിബദ്ധതയുള്ള കലാക്കാരന്മാര്‍ നമുക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ സിനിമകള്‍.
വയലാറെഴുതിയ 'ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം ...' എന്ന ഗാനത്തിലെ വരികള്‍ പോലെ ഈ നിത്യ ഹരിതയാം ഭൂമിയില്‍ വീണ്ടും ഒരു പുനര്‍ ജനി തേടുന്ന മനസ്സോടുക്കൂടി തന്നെ തിലകന്‍ മനസ്സിലാക്കുന്ന ഒരു സത്യമുണ്ട് ഏറ്റു പറച്ചിലുണ്ട്
@ ".ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം ഭൂമിയിലെ സമ്പുഷ്ടി ശോഷിച്ചു പോയിരിക്കുന്നു. വരും തലമുറയ്ക്ക് ജീവിക്കാന്‍ പറ്റാതായിരിക്കുന്നു ഈ ഭൂമി . എന്റെ തലമുറയില്‍ പെട്ടവരുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും തെറ്റായ സംസ്കൃതി പരിപാലനവും മറ്റുമാണ് ഭൂമിയുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ കാരണങ്ങളില്‍ ഒന്ന് " (ഇവിടെ മലയാള സിനിമയും ഹരിതാഭ നഷ്ടപ്പെട്ടു യൌവനം ചോര്‍ന്നു .... ). സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു ഉണര്‍ന്ന കലാക്കാരന്റെ വാക്കുകള്‍ തന്നെയാണിത് . ഇത് തീര്‍ച്ചയായും തിലകനിലെ കലാക്കാരന് തോന്നിയ ഭൂമി സ്നേഹം കൂടിയാണ്.
കല മാറ്റങ്ങളെ പരിപോഷിപ്പിക്കുന്നു. മാറ്റങ്ങളിലൂടെ ശക്തമായ പുനര്‍ ജനികള്‍ ഉണ്ടാവുന്നു. അവ ബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നു. വീണ്ടും വീണ്ടും ഋതുക്കളില്‍ കല കൊഴുക്കുന്നു. ...
മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്ത സമൂഹത്തില്‍ കലയ്ക്കെന്തു സ്ഥാനം.
@ഉദാത്തമായ ഒരാവിഷ്കാരത്ത്തിനു വേണ്ടി കൊതിക്കുന്ന ഒരു തലമുറ നമുക്കില്ലേ ?
തിലകന്‍ പറയുന്നു , കലാകാരന് സാമൂഹിക പ്രതിബദ്ധത കൂടിയേ തീരൂ. വരും തലമുറകള്‍ക്ക് വേണ്ടിയും കലാക്കാരന്‍ ജീവിക്കേണ്ടതുണ്ട് .
ഇവിടെ തിലകന്‍ മാത്രം ഇത് വിചാരിച്ചാല്‍ പോര. കാരണം കേരളം ദൈവങ്ങളുടെ നാടായതു കൊണ്ടും തിലകന്‍ ആ നാട്ടില്‍ ജീവിക്കുന്നത് കൊണ്ടും.
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍
ദൈവങ്ങളെ ധിക്കരിച്ചു നടക്കുന്ന തിലകന് കിട്ടാവുന്നതിലും ഏറ്റവും വലിയ ശിക്ഷ കിട്ടി. എന്നിട്ടും അദ്ദേഹം പറയുന്നു. കലാക്കാരന്‍ സമൂഹത്തെ സ്നേഹിക്കണം . എല്ലാ ജീവികളെയും ജീവികള്‍ അല്ലാത്തതിനെയും സ്നേഹിക്കണം എന്നൊക്കെ .
സൂപ്പര്‍ താരങ്ങള്‍ എല്ലാ സിനിമകളിലും കൊടുക്കുന്ന ശബ്ദ വ്യതിയാനങ്ങള്‍ ഒന്ന് തന്നെയാണ്. ഏത് കഥാപാത്രവും ഒരേ ഭാവത്തില്‍ ഉള്ളവരാണ്. പിന്നെ action പടങ്ങള്‍ എന്ന പേരില്‍ എടുക്കുന്ന എല്ലാ പടങ്ങളിലും ഒരേ തരത്തിലുള്ള മുഷ്ടി ചുരുട്ടലും പ്രകടനങ്ങളും. അടി വസ്ത്രം കാണിച്ചു കൊണ്ടുള്ള ഒരു തുള്ളലും . എല്ലാറ്റിലും കഥാപാത്രങ്ങളില്ലാതെ നടന്‍ തന്നെ ആടുന്നു. വളരെ ദയനീയമായ ഈ രീതിയെ ആഹാ ഓഹോ എന്ന് പറയുന്ന മീഡിയകളും. ഒരു നടന് ആനന്ദലബ്ധിക്കു ഇനിയെന്ത് വേണം. ഇത്തരം ഒരു രീതി ലോകത്തില്‍ ഇന്ന് മലയാളത്തില്‍ മാത്രമേ ഉള്ളൂ.
(സ്ത്രീകളുടെ ശരീരത്തിന്റെ എവിടെയെങ്കിലും ഒരു ഭാഗം കണ്ടാല്‍ അത് ആഭാസം .അപ്പോള്‍ മലയാളി പ്രേക്ഷകരായ ആണുങ്ങള്‍ക്ക് കലിയോ മറ്റെന്തോ ഇളകുമത്രേ. കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ക്ക് സൂപ്പര്‍ താരങ്ങളുടെ കൊഴുത്ത തുടകളോ അടി വസ്ത്രമോ കണ്ടാല്‍ ഒന്നും പ്രശ്നമില്ല. അവര്‍ക്ക് ഒന്നും തോന്നാനും പാടില്ല. പുരുഷന്മാര്‍ക്ക് വേണ്ട മാനസിക നിയന്ത്രണങ്ങളും കൂടി സ്ത്രീകള്‍ ഏറ്റെടുത്തു ജീവിക്കുന്ന ഒരു വിചിത്ര സമൂഹമായി മാറിക്കൊണ്ടിരിക്കുന്നുവോ കേരളം . പുരുഷ മേല്‍ക്കോയ്മയുടെ തിളച്ചു മറിയുന്ന സൂര്യ വര്‍ഷങ്ങളിലാണ് മലയാള സിനിമ . ആഭാസം, സ്ത്രീ കാണിച്ചാല്‍ മാത്രമാണ്. പുരുഷന് എന്തുമാകാം .സൂപ്പര്‍ താരങ്ങള്‍ക്കും !)
ഇന്നത്തെ തിലകന്‍
യശ:ശരീരനായ തമിഴ് ഗാന രചയിതാവ് കണ്ണദാസന്‍ എഴുതിയ പാട്ടുകള്‍ തനിക്കു വല്ലാത്ത പ്രചോദനം തരുന്നു എന്ന് പറയുന്ന തിലകന്‍ കണ്ണദാസന്‍ എഴുതിയ "കള്ളിക്കേതു മുള്ളിന്‍ വേലി ഇതുതാന്‍ എന്‍ കക്ഷി ...."എന്ന് പാടി സ്വയം സമാധനിക്കയാണ്. പുതുമയോടെ ജീവിക്കുക എന്നതിലും ഉപരി നിലനില്‍ക്കുക എന്ന കാര്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന സിനിമാ സമൂഹത്തിലെ അംഗങ്ങളായത് കൊണ്ടാവാം അദ്ദേഹത്തിന്റെ സ്വന്തം കുട്ടികളില്‍ നിന്നും പോലും ഒരു തുറന്ന സഹായ വാഗ്ദാനം അദ്ദേഹത്തിനു കിട്ടാതിരിക്കുന്നത്.
ലോക പ്രശസ്ത മലയാളി ചിത്രക്കാരന്‍ ബോസ് കൃഷ്ണമാചാരി പറയുന്നു ,"ഒരു കലാക്കാരന്‍ എപ്പോഴും ഒറ്റയാനായിരിക്കും. യാത്രകള്‍ അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും കൂടുതല്‍ കലാമൂല്യത്ത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ഈ ഒറ്റയാന്മാര്‍ അറിഞ്ഞു പകരുന്ന കലയും സ്നേഹവും സമൂഹത്തിന്റെ വളര്‍ച്ചക്ക് പങ്ക് വഹിക്കുന്നതായിരിക്കും. ഇവരെ രക്ഷിക്കേണ്ട ചുമതല സമൂഹത്തിന്റെ ആണ്. "
എത്ര എത്ര സാധാരണ, അസാധാരണ ജീവിതങ്ങള്‍ തിലകന്റെ ഗ്ലാമര്‍ ഇല്ലാത്തെ മുഖത്തിലൂടെ കേരള ജനത കണ്ടു. മലയാള സിനിമാ അഭിനയത്തിന്റെ അളവ് കോല്‍ എന്ന് എതിരില്ലാതെ അംഗീകരിക്കപെട്ട പ്രതിഭ. സ്വതന്ത്രമായ ചിന്തകളെ കഥാപാത്രമല്ലാതെ തന്നെ ഉദാത്തമായി പ്രകടിപ്പിച്ചതുക്കൊണ്ട് പലപ്പോഴും പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെങ്കിലും ഒരിക്കലും സമചിത്തത വിടാതെ അതിനെയൊക്കെ നേരിടുന്ന ഒരു ധാര്‍ഷ്ട്യം നിറഞ്ഞ വ്യക്തിത്വം.
'നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍' എന്ന സിനിമയില്‍ ഹീറോ മോഹന്‍ലാല്‍ ആയിരിക്കാം. പക്ഷെ അതിലെ ഓരോ രംഗത്തും നിറഞ്ഞു നിന്നത് തിലകന്‍ തന്നെയാണ്. എന്തൊരു കരുത്തുറ്റ അഭിനയ ശൈലി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച കാമാസക്തി നിറഞ്ഞ ജന്മി . ഇതൊക്കെ നമുക്ക് സൂക്ഷിക്കാന്‍ തിലകന്‍ തന്ന മയില്‍പീലികളാണ്.കേരളത്തില്‍ contemporary art നു മാത്രമായുള്ള ഒരു മ്യൂസിയത്തിന്റെ അത്യാവശ്യം നിലനില്‍ക്കുന്നുണ്ട്. അവിടെ സൂക്ഷിക്കപ്പെടെണ്ട കലാ സൃഷ്ടികളില്‍ നല്ല സിനിമകളും വരും . അതില്‍ തീര്‍ച്ചയായും തിലകന്റെ വേഷപകര്ച്ചകളും . വേഷത്തിന്റെ വലുപ്പ ചെറുപ്പങ്ങളെ വകവെക്കാതെ സാന്ദ്രമായ അഭിനയ ചാരുതയില്‍ ആ വേഷത്തെ അങ്ങേയേറ്റം പൊലിപ്പിക്കുന്ന ചാതുര്യം തിലകന് മാത്രമേ ഉള്ളൂ.
@മോഹന്‍ലാലിനു അങ്ങിനെ ആകുവാന്‍ പറ്റുന്നുണ്ടോ ?
തിലകന്‍ - ഇല്ല എന്ന് തന്നെ തോന്നുന്നു. ശ്രമിച്ചാല്‍ പറ്റുമായിരിക്കും .
ഒരു നല്ല നടന് വേണ്ട വ്യാകരണങ്ങള്‍ ഇനിയും ലാലിന് പ്രാപ്യമായിട്ടില്ല എന്നാണു ഈ ഉത്തരത്തില്‍ നിന്നും നമുക്ക് ഊഹിക്കാന്‍ പറ്റുന്നത്. ശ്രമിച്ചാല്‍ പറ്റും .
നസിറുധീന്‍ ഷാ എത്തിപ്പെട്ടത് പോലെ ഒരു പരന്ന അഭിനയ ലോകത്തില്‍ എത്തിപ്പെട്ടില്ല എന്നതും തിലകന് പറ്റിയ ഒരു പ്രശ്നമാണോ? പക്ഷെ ലോക പ്രശസ്ത കാന്‍ ഫെസ്ടിവലില്‍ 2010 ലെ നല്ല നടനുള്ള പുരസ്കാരം നേടിയ ജേവിയര്‍ ബാദം ഒരു സ്പാനിഷ് നടനാണ്. ആ ഭാഷാ ചിത്രത്തില്‍ അഭിനയിച്ചു തന്നെയാണ് അദ്ദേഹം സമ്മാനം നേടിയതും .
@മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബട്ജെറ്റ് പടങ്ങളും വന്‍ ബട്ജെറ്റ് പടങ്ങളും ആര്‍ക്കു വേണ്ടി ?
ഈ ചോദ്യത്തിന് സത്യസന്ധമായ ഒരു ഉത്തരം തരാന്‍ തനിക്കു കഴിയില്ലെന്ന് തിലകന്‍ സമ്മതിക്കുന്നു.
മലയാള സിനിമയ്ക്ക് പേശീശോഷണ രോഗം പിടിപ്പെട്ടുപോയി . ഒരു സോമാലിയ ചിത്രം പോലെ വയറു വീര്‍ത്തു ഉണങ്ങി ജീവന്റെ ഒരു നുറുങ്ങു മാത്രം അവശേഷിക്കുന്ന നെഞ്ചുമായി നില്‍ക്കുന്ന മലയാള സിനിമ മരിച്ചു കൊണ്ടിരിക്കുന്നു എന്ന് ബുദ്ധി ജീവികളും നിരൂപകരും പറയുമ്പോള്‍ മലയാള സിനിമ മരിച്ചു കഴിഞ്ഞു എന്നാണു തിലകന്റെ വാദം. ഏതായാലും ഒന്ന് ഉറപ്പാണ്.
മലയാളത്തിലെ ഒരേ ഒരു താര സംഘടനയില്‍ അംഗം ആകാന്‍ പറ്റാത്തവര്‍ക്കിവിടെ നിലനില്‍പ്പ് പോലും ഇല്ല . പിന്നെ തിലകന്‍ ഒരു താരമല്ലാത്തതും പ്രശ്നമാണ്. നാളെ നിങ്ങള്‍ക്കും ഒരു നടനാവണം എങ്കില്‍ ഇതൊക്കെ പാലിക്കണം. ഈ സംഘടന ഒരു തരം സാമ്രാജ്യത്വ അജണ്ട സൂക്ഷിക്കുന്നുണ്ടോ ? ജാതി ഭേദങ്ങളും വര്‍ണ ഭേദങ്ങളും ലിംഗ ഭേദവും ഇതിന്റെ പിന്നിലെ ചില അലിഖിത നിയമങ്ങളെ ഒരുക്കുന്നുണ്ടോ? ചിലരൊക്കെ പറയുന്ന അടക്കം പറച്ചിലുകളില്‍ ഇങ്ങിനെയൊക്കെ കേള്‍ക്കുന്നു.
@ ഗുണ്ടായിസം മലയാള സിനിമയില്‍ ഉണ്ടോ?
തിലകന്‍ - ഞാനിത് നേരത്തെ അറിഞ്ഞതാണ്. ഒരു മാഫിയയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. അവര്‍ വെളിയില്‍ നിന്നും വന്നവരല്ല. നൂറു ശതമാനവും ഇവിടെയുള്ളവര്‍ തന്നെ.
ഇന്നത്തെ കേരള സമൂഹത്തില്‍ ഒരാളുടെ വളരെ വ്യക്തിപരമായ ചില സ്വഭാവ വിശേഷങ്ങള്‍ ആണ് അയാളുടെ അതി ഗംഭീര കഴിവുകളെ പോലും പ്രതിനിധീകരിക്കുന്നത്. അയാളുടെ ദേഷ്യം , വെപ്രാളം, കാമം , പ്രണയം. അസൂയ ഇതൊക്കെ അളവുക്കോലാക്കി മാത്രം ഒരാളുടെ കഴിവുകളെ വിലയിരുത്തുന്ന ഒരു സംസ്കാരം ഇന്ന് കേരളത്തില്‍ ബലപ്പെട്ടുവരുന്നു. തിലകനെ മറ്റുള്ളവര്‍ അംഗീകരിക്കണം എങ്കില്‍ തിലകനിലെ നല്ല നടന്‍ എന്ന ഗുണം മാത്രം പോരാ. അദ്ദേഹം 'പലരുടെയും' ചൊല്‍പ്പടിക്ക് നില്‍ക്കും നല്ല പിള്ള ആയിരിക്കയും വേണം. ഇന്ന് ഒരു ബാഡ് ബോയ് എന്ന പ്രതിച്ഛായയില്‍ വാഴും തിലകന്‍ വീണ്ടും, ആ പഴയ ഹോളിവൂടിലെ ബാഡ് ബോയ് എന്ന് വിളിക്കപെട്ട ബ്രാന്‍ഡോവിനെ ഓര്‍മിപ്പിക്കുന്നു. തിലകനെ കുറിച്ച് കുറ്റം പറയുന്ന പലരും 'അയാളുടെ charecter ശരിയല്ല 'എന്നാണു പറയുന്നത്.
മാന്യതയുടെ പുറംതോടിനുള്ളില്‍ ജീവിക്കുന്ന ആര്‍ത്തിയും അസൂയയും വക്രതയും കൊണ്ട കേസരികളെ പോലയല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന പച്ചയായ മനുഷ്യന്‍ തിലകനിലുണ്ട്.ഒരു മധ്യ വര്‍ത്തി കുടുംബത്തില്‍ നിന്നും വന്ന ജീവിതാനുഭവങ്ങള്‍ കുറഞ്ഞ നായക , പ്രതി നായക നടനല്ല തിലകന്‍. മണ്ണ് മണക്കുന്ന മനുഷ്യരോടൊപ്പം ജോലി ചെയ്തു നാടകം കളിച്ചു തീക്ഷണമായി വിയര്‍ത്തു വളര്‍ന്ന ദ്രാവിഡന്‍ .അതുകൊണ്ട് തന്നെ തിലകന്റെ ദേഷ്യവും പ്രണയവും കുശുമ്പും മതിലുകളില്ലാതെ ഒഴുകുന്നത് അയാളുടെ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന പച്ചയായ കലാക്കാരന്റെ പരിമിതികളെയും കാണിക്കുന്നു.
നമ്മുടെ കച്ചവട സിനിമ നായകന്മാരുടെ മടക്ക യാത്ര തുടങ്ങി കഴിഞ്ഞു. ആ വേദനയില്‍ അരിശം മൂത്ത് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ പോലെ തോന്നുന്നു ഇതൊക്കെ. ലോക നിലവാരമുള്ള നടനായ തിലകന്‍ മലയാളത്തിന്റെ അഭിമാനമാണ് . ആ നടന് ഇത്തരം ഒരു ഗതി വരുന്നത് വേദനാജനകവുമാണ് . ഇതിനു കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലേ . ഇത് പോലൊരു ലോക നിലവാരമുള്ള അഭിനേതാവിനെ , കലാക്കാരനെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഇനിയും മനസിലായിട്ടില്ലേ. കലയും നല്ല കലാക്കാരന്മാരും ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് . നാടകങ്ങളിലൂടെയും ഗാനങ്ങളിലൂടെയും നൃത്ത രൂപങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് ചിന്തകളെ വളര്‍ത്തിയവര്‍ക്ക് ,സാക്ഷരത വിതച്ചവര്‍ക്ക് ഇന്നത്തെ കലയുടെ കൊടുമുടിയായി കണക്കാക്കുന്ന സിനിമയിലെ ഈ കൈയാങ്കളി മതിയാക്കാന്‍ ഒന്നും പറയാനില്ലേ? 72 വയസ്സ് കഴിഞ്ഞ ഒരു മുതിര്‍ന്ന വ്യക്തിത്വത്തോടാണോ ഈ ബഹളമൊക്കെ?
താര സംഘടനയിലെ അംഗം അല്ലാതിരുന്ന ശ്രീനാഥിന്റെ മരണത്തിലും പല ദുരൂഹതകളും ബാക്കി നില്‍ക്കുന്നു എന്ന് പത്രങ്ങളിലൂടെ ശ്രീനാഥിന്റെ ബന്ധുകള്‍ നിലവിളിക്കുന്നു. ആര് ആരെ പേടിക്കുന്നു? താര സംഘടന വ്യക്ത്യധിഷ്ടിത താല്‍പര്യങ്ങളെ സൂക്ഷിക്കുന്നുണ്ടോ? ഇടവേള ബാബുവിനെ പോലുള്ളവര്‍ ആരാണ്? (സിനിമയില്‍ ഇടയ്ക്കൊക്കെ വന്നു പോകുന്നവരും നടന്മാരാണോ ? ) ഈ സംഘടന എന്തിനു വേണ്ടി നിലകൊള്ളുന്നു? ആര്‍ക്കു വേണ്ടി? നടീ നടന്മാര്‍ക്ക് മാസപ്പടി കൊടുക്കുക എന്നതില്‍ കവിഞ്ഞു എന്താണ് സംഘടന ലക്‌ഷ്യം വെയ്ക്കുന്നത് ? സ്വതന്ത്രമായ ഒരു അഭിനയ ശൈലി കാഴ്ച്ചവ്ക്കുന്നവരെ സംഘടന ആദരിക്കുന്നുണ്ടോ ? ഇത്തരം ഒരു പാട് ചോദ്യങ്ങളും അമ്മയ്ക്ക് ചുറ്റും നില്‍ക്കുന്നു .
ഒരു നടന്‍ ആവേശം കൊണ്ടോ ക്ഷോഭിച്ചോ വല്ലതും പറഞ്ഞാലോ മറ്റോ വന്നാല്‍ ആ സംഘടന അയാളെ പുറത്താക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ രാഷ്ട്രീയ ധാര്‍മികതയെ സംശയിക്കേണ്ടിയിരിക്കുന്നു.തൊഴില്‍ സംഘടനകള്‍ അരാഷ്ട്രീയ സംഘങ്ങളായി മാറുന്നുണ്ടോ ?നടിമാര്‍ക്ക് ഇവര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്.?സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നടിമാര്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെയും ലൈംഗിക വൈകൃതങ്ങള്‍ മറ്റും അപവാദങ്ങളേയും ഇവര്‍ എങ്ങിനെയാണ് പ്രതിരോധിക്കുന്നത് ?.
അമ്മ അടിയന്തിരമായി ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍
1ശരീരം മുഴുവനും മാംസ ബാഗ്സ് (പാക്സ് അല്ല )തൂക്കി നടക്കുന്ന നായക നടന്മാരെ നൃത്ത രംഗങ്ങളില്‍ നിന്നും വിലക്കുക
2നിത്യേനയുള്ള വ്യായാമത്തിന് ഉത്തരവിടുക. (ഇവിടെ ഒരു കാര്യം കൂടിയുണ്ട്. നല്ല ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ നല്ല മനസ്സിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.... )
3കൂടുതല്‍ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുത്തുക .അവര്‍ കുറച്ചു എങ്കിലും വിയര്‍ക്കട്ടെ
4 അടി വസ്ത്രം കാണികളുടെ നേരെ കാണിച്ചു കൊണ്ടുള്ള നൃത്ത രംഗങ്ങള്‍ ,സംഘട്ടന രംഗങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. മണിയംപിള്ള രാജുവും രഞ്ജിത്തും ഷാജി കൈലാസും ഇത് പ്രത്യേകം ശ്രദ്ധിക്കണം.
5 നടന് one piece സീന്‍ കാണിച്ചേ തീരു എന്നുണ്ടെങ്കില്‍ ഒരു കുളി സീന്‍ ആകാം .പക്ഷെ അവിടെ ഒരു ലൂസ് സോംഗ് ആയാല്‍ കാണികള്‍ക്ക് പുറത്ത് പോയി പോപ്കോണ്‍ തിന്നാനുള്ള നേരം കിട്ടും.
6മാവേലി നാട് വാണിടും കാലം എന്ന ഗാനം പാടാതിരിക്കുക .
എത്രയോ തിലകന്മാരില്‍ നിന്നും നടന്‍ തിലകന്‍ വ്യത്യാസപ്പെടുന്നത് നാട്യ പ്രതിഭ കൊണ്ട് തന്നെയാണ്.
ഒറ്റയാനായി അലയാന്‍ തിലകനെ വെറുതെ വിടുക . നല്ല കഥാപാത്രങ്ങളുമായി തിലകന്‍ തിരിച്ചു വരുവോളം ...........