Monday, April 4, 2011




വീണും ഒരു ആണ്‍മേല്‍ക്കോയ്മ  സിനിമ ഹിറ്റാകുന്നു 

പ്രിയപ്പെട്ട ട്രാഫിക് സിനിമാ സംവിധായകന്‍  രാജേഷ്‌ പിള്ള അറിയുവാന്‍
                   എന്റെ സുഹൃത്ത് ജയകൃഷ്ണന്‍  നിര്‍ബന്ധിച്ചു പറഞ്ഞതുക്കൊണ്ടാണ് ആ മലയാള പടം കാണാം എന്ന് തീരുമാനിച്ചത്  . കേരളത്തിലെ ബോക്സ്‌ ആഫിസ് വിജയം കഴിഞ്ഞു  എത്രയോ നാളുകള്‍ക്കു ശേഷമാണ്  പടം മുംബൈയില്‍ വന്നത് തന്നെ.   മലയാള  പടം കാണാന്‍ ഒറ്റയ്ക്ക് പോകുന്നത് വീട്ടുക്കാര്‍ക്കും കൂട്ടുക്കാര്‍ക്കും ഇഷ്ടമല്ല. ഇഷ്ടക്കുറവു വേറൊന്നും കൊണ്ടല്ലാട്ടോ..തികഞ്ഞ പേടിയാണ്. മലയാളി പുരുഷന്മാരെ പൊതുവേ എല്ലാവരും പേടിക്കുന്നതിനു തക്കതായ കാരണങ്ങള്‍ ഉണ്ട് എന്നാണു മലയാളികളായ പുരുഷ സുഹൃത്തുക്കള്‍ തന്നെ പറയുന്നത്.എന്നാലോ ഇവര്‍ക്കാര്‍ക്കും എന്റെകൂടെ വരാന്‍ നേരവുമില്ല .. .. ഓടി നടന്നു ജീവിതം ഉണ്ടാക്കുകയല്ലേ.. തിരക്കോട് തിരക്ക് തന്നെ.  അവസാനം കൂട്ടിനു വരാന്‍ ഒരാള്‍ തയ്യാറായി. അവനാണെങ്കിലോ ഒരു പാട് നിബന്ധനകളും കൊണ്ടായിരുന്നു വരവ്. മലയാള പടം കാണാന്‍ ഇഷ്ടമല്ലാത്ത ഒരു വ്യക്തിയാണ് അവന്‍. മലയാള പടം മുഴുവനും വയസ്സായവരുടെ പ്രണയവും പ്രതികാരവും മൂന്നാം തരം സെന്റിമെന്റ്സും ആണെന്നാണ്‌ അവന്റെ അഭിപ്രായം. പിന്നെ നല്ല നടന്‍മാര്‍  എന്ന് അറിയപ്പെടുന്ന പലരും ഒരേ ഭാവം വെളിപ്പെടുത്തി ബോറടിപ്പിക്കുന്നു എന്നുമൊക്കെയാണ് അവന്‍ പറയുന്നത്. അത് പോട്ടെ, 



                             ഒബെരോയ് മാളിന്റെ (Oberoi Mall ) പീ വീ ആര്‍  അരങ്ങിലെത്തിയെപ്പോള്‍ പടം തുടങ്ങാന്‍ പോകുന്നു. തിയേറ്ററില്‍ കഷ്ടിച്ച് ഒരു അമ്പതു പേര്‍ കാണും . എന്തായാലും ഇവന്റെ പിറുപിറുക്കലും കേട്ടോണ്ട്‌ പടം കാണാന്‍ തുടങ്ങി . ഒരു പാട് മുന്‍ വിധികളോട് കാണാന്‍ തുടങ്ങിയ പടം തീര്‍ത്തും വ്യത്യസ്തമായ ,മലയാള സിനിമക്ക് അന്യമായ ഒരു ഒഴുക്കില്‍ എന്നെ കൊണ്ട് ചെന്നപ്പോള്‍ ശരിക്കും  അതിശയിച്ചു പോയി.. ങേ ..ഇതെന്താ ...ഇത്ര പെട്ടെന്ന് ഇടവേള  വന്നോ. സത്യം പറയട്ടെ രാജേഷ്‌ ശരിക്കും  രസം തോന്നി. കൂടെ വന്നയാളും പടം കുഴപ്പമില്ല  എന്ന് പറഞ്ഞപ്പോള്‍ ഒരു സന്തോഷം. പക്ഷെ ഇടവേളയ്ക്കു ശേഷം പല രംഗങ്ങളും നല്ല വേഗതയില്‍ പോകുന്ന നമ്മുടെ ചിന്തകളെ തളര്‍ത്തി നിര്‍ത്തി. എവിടെയൊക്കെയോ ചെറിയ ചെറിയ പിഴകള്‍. വിരസത തോന്നുന്ന ചില ആവര്‍ത്തനങ്ങള്‍. ഇവയൊക്കെ കഥയുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുന്നതു പോലെ തോന്നി. പടം മുക്കാല്‍ എത്തും മുമ്പേ  തീയേറ്ററില്‍ നിന്നും ഒരാളുടെ ഉറക്കെയുള്ള അഭിപ്രായം. 'ഓ ഇനി പടം കഴിഞ്ഞു.'... ശരിയായിരുന്നു അത്. അവിടെ തിരകഥ കഴിഞ്ഞിരുന്നു. പോലീസുക്കാരുടെ അതീവ ശ്രദ്ധയില്‍ നിന്നും അകന്നു പോകുന്ന സുദേവന്റെ ദൌത്യ യാത്രയെ കാണിക്കുന്ന രംഗങ്ങളില്‍ നിന്നും തിരകഥയുടെ പാളിച്ച കണ്ടു തുടങ്ങിയിരുന്നു. അവിടെ ത്രില്ല് നഷ്ടപ്പെട്ട തിരക്കഥ വലിഞ്ഞു അവസാനിച്ചത് പോലെ .

                            ഇങ്ങിനെയാണ്‌ ഒരു പോലീസുക്കാരനെ അവധരിപ്പിക്കേണ്ടത് . 'കണ്ടില്ലേ ഞാന്‍ എത്ര ഭംഗിയില്‍ അത് ചെയ്യുന്നു'  എന്ന് വിളിച്ചു പറയുന്ന മുഖം ഭാവവും വെച്ച് ,അതിലെ കഥാപാത്രത്തിനു വേണ്ട യാതൊരു ഭാവഭേദവുമില്ലാതെ  "നടിക്കുന്ന"  കൊച്ചി കമ്മീഷണറായി കാക്കി വേഷം ധരിച്ച നടന്‍  "അയ്യോ പാവം നടന്‍" എന്ന ലേബലിന് അര്‍ഹന്‍ തന്നെ. ഒരു മലയാളം സീരിയല്‍ നടന്റെ വ്യാകരണത്തോടെ അദ്ദേഹം കാണിക്കുന്ന ഭാവങ്ങള്‍ വിരസത ഉണ്ടാക്കി എന്ന് പറയുന്നതാവും ശരി . പിന്നെ താര രാജക്കന്മാരില്ലെങ്കിലും താരങ്ങളുടെ ഒരു വലിയ നിര , പടത്തിനെ സഹായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല .
                           നടന്‍  ശ്രീനിവാസന്‍ എല്ലാ പടത്തിലെയും പോലെ വടക്കന്‍ വട്ടാര മൊഴി അലക്കി നിവര്‍ത്തി ഇസ്തിരി ഇട്ടു പറയുന്നുണ്ടായിരുന്നു. പിന്നെ അദേഹത്തിന്റെ സാന്നിധ്യം എല്ലാ പടങ്ങളിലും എന്നത് പോലെ തന്നെ. ഇത് പോലൊരു  സംഭാഷണ രീതി " പാസ്സഞ്ചര്‍"  എന്ന പടത്തിലും കണ്ടിരുന്നു.    ആ സിനിമയിലെ കഥാപാത്രത്തിനു ഒരു പോലിസ് ഉദ്യോഗം കിട്ടി ,പിന്നീട് അദ്ദേഹം ഇത്തരം ഒരു ദൌത്യം ഏറ്റെടുത്താല്‍ എങ്ങിനെ ഇരിക്കുമോ അതെ പോലെ പക്ഷെ രണ്ടും രണ്ടു കഥകളും രണ്ടു കഥാപാത്രങ്ങളും ആണെന്ന് നമ്മള്‍ മനസ്സിലാക്കണം. സംവിധായകന്‍ ആരായാലും ഈ നടനു ഒരു പ്രശ്നമില്ല എന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു. 
                          പുതിയ നടന്മാരെ കൊണ്ട് വരാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണോ , അല്ല പുതിയ ആളുകളെ സ്വീകരിക്കാനുള്ള നടപടി അമ്മ തല്‍ക്കാലം നിര്‍ത്തി വെച്ചതാണോ എന്നറിയില്ല. എന്തായാലും നല്ല ജീവനുള്ള മുഖങ്ങളെ കാണാന്‍ കഴിയുന്നില്ല. തമിഴ് നാട് രാഷ്ട്രീയം പോലെ വാരിശുകളുടെ  ചേക്കേറ്റം മലയാള സിനിമയില്‍ അടിപൊളിയായി നടക്കുന്നത് മറന്നിട്ടല്ല ഇങ്ങിനെ പറഞ്ഞത് .തമിഴില്‍ , തെലുങ്കില്‍,ഹിന്ദിയില്‍ ഒരുപാട് പുതിയ കഥകളും നടന്മാരും സംവിധായകരും വരുന്നു. ഇവിടെ മാത്രം എന്തെ ഇങ്ങിനെ രാജേഷ്‌ പിള്ളേ? 
ഹോളി വൂടില്‍ നിന്നും മറ്റു ലോക സിനിമകളില്‍ നിന്നും എത്രയോ കഥകളും ,കഥ പറയുന്ന വിധവും ഇന്ന് ഇന്ത്യയില്‍ എത്തുന്നുണ്ട്.. മറ്റു ഭാഷകളിലൊക്കെ പുതിയ മുഖങ്ങളെയും അവരില്‍ നിന്നും സംവിധായകന്‍ ആഗ്രഹിക്കുന്ന ഭാവങ്ങളെയും കൊണ്ട് വരുമ്പോള്‍ മലയാളം മക്കത്തായം പിന്തുടരുന്നതു  എന്തുക്കൊണ്ടാണ്? 

                      താങ്കളുടെ ഈ ഉദ്യമം തീര്‍ത്തും മലയാളത്തിനു അന്യമായ ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല. ഇതില്‍ വന്നു പോകുന്ന പല നടന്മാരും നേരത്തെ തന്നെ തങ്ങളുടെ അഭിനയ സാധ്യതതകളുടെ കുറുകിയ വട്ടത്തില്‍ നില്‍ക്കുന്നവരാണ്. എന്തെ ഒരു പുതിയ ഭാവ ശൈലി ഒരുക്കാന്‍ മെനെക്കെട്ടില്ല. അവിടെയും താങ്കള്‍ക്കു അമ്മയും അച്ചനും ഒക്കെ ഭീഷണി ആയിരുന്നോ... രാജീവ് എന്ന കഥാപാത്രം ചെയ്ത നടനില്‍ ചില പുതിയ ശരീര ഭാഷ കണ്ടത് ഒരാശ്വാസമായിരുന്നു. സെല്ലുലാരിലെ നടനെ ഓര്‍മിപ്പിച്ചു രാജീവിന്റെ പല ചലനങ്ങളും. എഡിറ്റിംഗ് വലിയ കുഴപ്പമില്ലാതെ പോയി. പക്ഷെ ചില സ്ഥലങ്ങളില്‍ പ്രേക്ഷകരില്‍ എത്തേണ്ട ചിലവ വളരെ പെട്ടെന്ന് പോകുന്നത് ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു. കേമറാമാന്‍ സൌന്ദര്യ ബോധമുള്ള ആളാണോ എന്നൊരു സംശയം .  സംഗീതം ഒരു പുതുമയും  അവകാശപ്പെടാനില്ലാതെ ഒഴുകി പോയി, പ്രത്യകിച്ചും വേഗത്തില്‍  വണ്ടിയോടി പോകുന്ന രംഗത്ത് വരുന്ന പശ്ചാത്തല സംഗീതം ഒരു അലോസരമായി തന്നെ തോന്നി. 
 (പിന്നെ പടത്തില്‍ പറയുന്ന മെഡിക്കല്‍ കഥയിലേക്കൊന്നും പോകുന്നില്ല. മലയാളത്തിലെ പല ഹിറ്റ്‌ പടങ്ങളുടെയും കഥ പലപ്പോഴും പേടിപ്പിക്കുന്ന രോഗങ്ങളും മരുന്നു ഫലിക്കാത്ത ചികിത്സ രീതികളും ഒക്കെയല്ലേ. നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് എന്ന സിനിമക്കും മുമ്പും പിമ്പും എത്രയോ പടങ്ങള്‍. ഇവിടെയും ഒരു സംശയം. കേരളത്തില്‍ നടക്കുന്ന റോടപകടങ്ങളില്‍ 90 ശതമാനവും അധിക വേഗതയുടെ  ഫലങ്ങള്‍ അല്ലെ ?അങ്ങിനെയാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്. എല്ലാവരും പറയുന്നതും അത് തന്നെ. 'കേരളത്തിലെ  ബസ്സ് എന്ത് സ്പീഡിലാ പോകുന്നത് '  എന്നൊക്കെ.. വിദേശിയരായ പല സുഹൃത്തുക്കളും കേരളത്തിലെ വണ്ടികളുടെ വേഗതയ അതിശയിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. )
                       രാജേഷ്‌ അറിഞ്ഞോ അറിയാതെയോ ഒരുക്കിയ കുറെ  നല്ല സന്ദേശങ്ങള്‍  ഉണ്ട് ഇതില്‍ .അവയില്‍ പലതും കാലിക പ്രസക്തമാണ് . 

ജനം തിങ്ങി പാര്‍ക്കുന്ന സ്ഥലത്തെ  ഇടുങ്ങിയ തെരുവുകളിലൂടെയുള്ള യാത്ര ,കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തെ  എടുത്തു കാണിക്കുന്നു . മുദ്രാവാക്യങ്ങളും മാര്‍ക്സിസവും സോഷിലിസവും   ഒക്കെ വെറും നേരംപോക്ക് രാഷ്ട്രീയത്തിന്റെ ഭാഗങ്ങള്‍. തെരുവിലെ തിരക്കും പുരുഷന്മാരുടെത് തന്നെ. 
കേരളത്തിലെ ഇന്നത്തെ ഫാന്‍സ്‌ അസോസിയേഷനുകളുടെ ഭയപ്പെടുത്തുന്ന വളര്‍ച്ച , 
ഇന്നത്തെ താര രാജക്കാന്‍മാര്‍ക്ക്  അവരെ കുറിച്ചുള്ള മിഥ്യാ ധാരണകള്‍, 
പിന്നെ എത്ര തന്നെ പുതുമ പുതുമ എന്ന് കൂവി വിളിച്ചാലും ,പറഞ്ഞാലും ആണ്‍ കോയ്മയുടെ തിളയ്ക്കുന്ന ഉദാഹരണമാണ് ഇന്നും കേരള സിനിമാ ലോകം എന്ന പാഠവും.. 


                   സ്ത്രീ   കഥാപാത്രങ്ങള്‍ വന്നും പോയുമിരിക്കുന്നു .അവരൊന്നും ഇല്ലെങ്കിലും ഈ പടം ഇത് പോലെയൊക്കെ ഓടിയേനെ. പോലിസ് തൊട്ടു ആശുപത്രിയിലെ സര്‍ജന്‍ വരേയ്ക്കും പുരുഷന്മാരുടെ തിരക്ക് തന്നെ. എന്തെ രാജേഷ് ,സ്ത്രീകളോട് ഇത്ര  വെറുപ്പ്‌... മാത്രമല്ല ചിത്രീകരിച്ച സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെ കാമം തലയ്ക്കു കേറിയവരും ( ഡാക്ടര്‍ ആബേലിന്റെ ഭാര്യ ) കുശുമ്പുള്ളവരും   അധികാരം കാണിക്കുന്നവരും (റേഡിയോ ഗേള്‍ ) പിന്നെ ഒരു പാട് കരയുന്നവരും ഉച്ചത്തില്‍ അനാവശ്യമായി സംസാരിക്കുന്നവരും (രീഹാന്റെ അമ്മ, രീഹാന്റെ പ്രണയിനി താരത്തിന്റെ ഭാര്യ). നിങ്ങളുടെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം ഷോ കേസ് പാവകള്‍ ആയിരുന്നു. ഭാര്യയും കാമുകിയും പ്രണയിനിയും മകളും പിന്നെ ഒരു അവതാരകയും  ..തീര്‍ന്നു. രീഹാന്റെ അച്ഛന്‍  പോലും ഒരു പ്രോഫെഷനലാണ് . കഷ്ടം ഉണ്ട് രാജേഷ് ഇത്തരത്തില്‍ കാണുന്നതിനു ....

                                  എന്തെ ഇത് പോലുള്ള ദൌത്യങ്ങളൊന്നും മലയാളീ മങ്കമാര്‍ ചെയ്യില്ലേ രാജേഷ്? ഒരു സര്‍ജന്‍ , ഒരു ഐ പി എസ ഓഫീസര്‍ ,ഒരു ട്രാഫിക് പോലിസ് , ഒന്നും സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റില്ലാ എന്ന് നിങ്ങളെ പോലുള്ള യുവ സംവിധായകരും തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യും ? അവരൊക്കെ വയലാറിന്റെ പാട്ടുകള്‍ കേട്ട് കല്യാണം മാത്രം ലക്‌ഷ്യം വെച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണോ ? 
                                   സമൂഹത്തിന്റെ ഇന്നത്തെ ശോചനീയ അവസ്ഥക്ക്  ഒരു വകയില്‍ സിനിമയും കാരണമാകുന്നു എന്നത് നിഷേധികാനാവില്ല. ഇത് മനശാസ്ത്രപരമായി ലോക ആരോഗ്യ സംഘടന നടത്തിയ ചില സര്‍വേകള്‍ വെളിപ്പെടുത്തുന്ന സത്യമാണ്. കലയും കലാക്കാരനും സമൂഹത്തിന്റെ വിമര്‍ശകരായും ഇരിക്കേണ്ടുന്നതിന്റെ ആവശ്യകത പ്രത്യേകിച്ചും കേരളത്തില്‍ ഏറി വരുന്നു..  
നല്ല കലാക്കാരന്റെ ഉള്ളില്‍ ആണ്മയുടെ അംശങ്ങളും പെണ്മയുടെ അംശങ്ങളും നല്ല അനുപാതത്തില്‍ വേണം. ഇത്തരത്തിലുള്ളവരുടെ  ബുദ്ധിയില്‍ നിന്നേ ആരോഗ്യമുള്ള സൃഷ്ടികള്‍ വരൂ . എന്തായാലും ഒരു തല്ലിപൊളി കാമ കഥയല്ല ട്രാഫിക്‌ . തികച്ചും ഒരു ട്രെന്‍ഡ് മേക്കിംഗ് വിധം കാണുന്നുണ്ട്.  ഇത്രയും ഊറ്റം കാണിച്ചതിന് അഭിനന്ദനങ്ങള്‍  
നല്ല കലാബോധമുള്ള ഒരു സംവിധായകന്‍ എന്ന് രാജേഷ്‌ പിള്ളയെ സഹൃദയര്‍  വിളിക്കാന്‍  ഇടവരട്ടെ 

Tuesday, November 23, 2010

ഭൂമിയിലെ രാജാക്കന്മാര്‍

               മന്ത്രി രാജാവിനെ (രാജയെ) പുറത്താക്കിയോ എന്തിനു ? ആര്? ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ഇന്ത്യയിലെ   80 ശതമാനത്തോളം  ജനങ്ങളില്‍ നിന്നുമുള്ളതാണ്. ഒട്ടുമൊത്ത ഇന്ത്യന്‍ ജനതയെ വിടൂ . രാജയെ രാജാവാക്കാനും രാജകുമാരന്‍ ആക്കാനും മറ്റും വിശ്വസിച്ചു രാജയുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്ത തമിഴ് ജനതയ്ക്ക് പോലും  അറിയില്ല എന്തിനാണ് രാജയെ പുറത്താക്കിയത് എന്ന്. പുറത്താക്കണം എങ്കില്‍ എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിരിക്കണം അല്ലെ ? അതെന്താണെന്ന് വോട്ടു ചെയ്ത ഭൂരിപക്ഷം പേര്‍ക്കും അറിയില്ല . അതിനു കാമ്പുള്ള  കാരണങ്ങള്‍ ഉണ്ട് .




കാരണം ഒന്ന് ; ഇത് എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. തമിഴ് നാടിന്റെ സാരഥികള്‍ അത്ര ചില്ലറക്കാരല്ല. അതൊരു പെരിയ കുടുംബ കഥയാണ്‌. മന്ത്രിമാരും സന്താന പരമ്പരകളും പരിവാരങ്ങളും ......ഇവരുടെ കൈയിലാണ് 95 % പത്ര ദൃശ്യ മാധ്യമങ്ങളും. പിന്നെ എങ്ങിനെയാണ്  സത്യസന്ധമായ വാര്‍ത്ത അവിടെ വരുന്നത്.

                രാജയെയും രാജ ഭരണ ക്രമക്കേടുകളെയും ചൊല്ലി ഇത്രയും ബഹളം ലോക്സഭയില്‍ നടക്കുമ്പോഴും പ്രസ്തുത കുടുംബ ടിവി ചാനലുകളില്‍  മുംബൈയിലെ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം കുറിച്ചും, എടിയുരപ്പയുടെ ഭാവിയെ കുറിച്ചും വിശദമായി പറഞ്ഞശേഷം തങ്ങള്‍ക്കു ഒട്ടും ബന്ധമില്ലാത്തത് പോലെ മാറി നിന്ന് സ്പെക്ട്രം കുറിച്ചും ഒന്ന് പരാമര്‍ശിച്ചും വിട്ടു. അത്ര തന്നെ. അത് തന്നെ മറ്റു മാധ്യമങ്ങള്‍ പ്രത്യേകിച്ച്  ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത തുടര്‍ച്ചയായി വരുന്നത് കൊണ്ടും പ്രതിപക്ഷ ചാനലില്‍ ഈ വാര്‍ത്തയെ അവര്‍ ആഘോഷിക്കുന്നത് കൊണ്ടും ആയിരുന്നു. . 
എന്നാല്‍. രണ്ടാമത്തെ കാരണം  നമ്മുടെ നിരക്ഷരരായ വോട്ടര്‍മാരുടെ ശോചനീയമായ അറിവ് തന്നയാണ്.  .  അവര്‍ വോട്ടു ചെയ്തു തിരഞ്ഞെടുത്ത ഒരു പാര്‍ട്ടി ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പോലും അവര്‍ക്കറിയില്ല. ആ വകുപ്പില്‍ നിന്നും അവര്‍ക്ക് കിട്ടാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്
 എന്നോ ആ വകുപ്പിന്റെ ആവശ്യകത എന്താണ്  എന്നതിനെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ . 

ഇത്തരം അറിവില്ലായ്മയെ പ്രോത്സാഹിപ്പിച്ചിരുന്ന പാര്‍ട്ടികള്‍ കൂടുതലും ലക്‌ഷ്യമിട്ടിരുന്നത് തമിഴരുടെ ജീവിത രീതിയിലെ വൈകാരിക വശങ്ങളെ ആയിരുന്നു.അതിനു അവര്‍ പണ്ട് മുതലേ ഉപയോഗിച്ചിരുന്നത് കണ്ണകിയെയും    തിരുവള്ളുവരേയും  പിന്നെ കുറെ പന്പാട്ട് കഥകളെയും.    സ്പെക്ട്രം എന്താണ് എന്ന് അറിവില്ലാത്ത ജനങ്ങള്‍ എങ്ങിനെയാണ് അതില്‍ നടന്ന ക്രമക്കേടുകളെ  കുറിച്ച് അറിയുന്നത്.  ഇതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്ന കുറേപ്പേരെ എനിക്ക് പരിചയമുണ്ട്. അവരൊന്നും ഗ്രാമങ്ങളില്‍ ഉള്ളവരല്ല. ചെന്നൈ   മാ നഗരത്തില്‍  ജീവിക്കുന്നവര്‍ തന്നെയാണ്. അവര്‍ക്ക് കലൈഞ്ഞരും അമ്മയും എല്ലാം ഒന്ന് തന്നെ. 

ഇത് തന്നെയാണ് അവിടെ ഒരു രൂപയ്ക്കു അരിക്കൊടുത്ത് വോട്ടു മേടിക്കുന്ന സ്ഥിതി ഉണ്ടാക്കിയത്  . മാത്രമല്ല. വോട്ടു ചെയ്തതിനു നന്ദി സൂചകമായി ഓരോ കളര്‍ ടിവിയും ഉണ്ട്. ഒരു പാട് സീരിയലുകളും സിനിമകളും വന്നോണ്ടിരിക്കുകയല്ലേ. ഇപ്പോള്‍ സിനിമാ ലോകത്തെയും തമിഴ് നാട്ടിന്‍ വാഴുന്നോര്‍ കുടുംബം കൈയടക്കി വെച്ചിരിക്കയാനെന്നു ചില ചില ചെറു പത്രങ്ങള്‍ എഴുതി തുടങ്ങി. പതിഞ്ഞ സ്വരത്തില്‍ പലരും പറഞ്ഞും തുടങ്ങി. 

ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി. അടുത്ത തിരെഞ്ഞെടുപ്പില്‍ ജെയിക്കണം എങ്കില്‍ പ്രതിപക്ഷം കുറഞ്ഞ പക്ഷം ചെയ്തിരിക്കേണ്ട കാര്യം ,തമിഴ് നാട്ടില്‍ മന്ത്രിമാരെ ക്കുറിച്ചും  അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക. അങ്ങിനെയുള്ള വകുപ്പുകള്‍ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിച്ചും പുരോഗമനങ്ങളെ ആശ്ലേഷിച്ചും വേണം  ഭരിക്കാന്‍ എന്ന വളരെ വ്യക്തമായ അറിവ് ജനങ്ങളില്‍ എത്തിക്കുക .. 
അല്ലെങ്കില്‍ ഇത്തരം ഒന്നര ലക്ഷം കോടി അഴിമതിയോ , പത്തുലക്ഷം കോടി അഴിമതിയോ ജനങ്ങള്‍ക്ക്‌ മനസിലാകാതെ വരും. വീണ്ടും വീണ്ടും പണം വീഴുന്നിടം വോട്ടുകള്‍ മുളക്കാന്‍ ഇടയാകും. ഈ വോട്ടുകള്‍ ഇത്തരം അഴിമതികളെ തണലിട്ടു വളര്‍ത്തും. നേതാക്കന്മാര്‍  ഇങ്ങിനെ.പറയും." കണ്ടില്ലേ കണ്ടില്ലേ ...ഞങ്ങള്‍ അഴിമതിക്കാരല്ല എന്നതിന് തെളിവാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഈ വിജയം" 

അറിവില്ലായ്മ അഴിമതികളെ ആണ് വളര്‍ത്തുന്നത്. അറിവില്ലായ്മ നിഷ്കളങ്കത്വം അല്ല എന്ന വിവേകാനന്ദ വാക്യം ഇവിടെ അക്ഷരം പ്രതി ശരി മാത്രമാകുന്നു. അറിവുള്ള ജനങ്ങള്‍ക്കേ  ജനാധിപത്യം കൊണ്ട് കാര്യമുള്ളൂ. അല്ലാത്ത കൂട്ടം എത്ര തന്നെ വലുതാണെങ്കിലും ഒരു ഗുണവുമില്ല .  

Wednesday, August 25, 2010

എന്മകജെയിലെ ഒറ്റമുലച്ചി


(മലയാളത്തില്‍ വരുന്ന പല സാഹിത്യ കൃതികളും ഒരേ ചുവയുള്ളത് പോലെ തോന്നാറുണ്ടായിരുന്നു. ചിലപ്പോള്‍ ഒരേ കാലാവസ്ഥയില്‍ ജീവിച്ചുകൊണ്ട് എഴുതുന്നത്‌ കൊണ്ടാവാം . പക്ഷെ ലോക സാഹിത്യ ലോകത്ത് വരുന്ന  പല കൃതികളും ,  മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ കാലിക പ്രശ്നങ്ങളെ ലോക സമക്ഷം എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥത നമ്മുടെ എഴുത്തുക്കളില്‍ കാണാറില്ല. എല്ലാം  പുരുഷന്റെ ലോകത്തെ പുരുഷന്റെ പ്രശ്നങ്ങളും അവരില്‍ സ്ത്രീകള്‍ ഉളവാക്കിയ ചലനങ്ങളും  മറ്റും തന്നെയാണ് സാരം. വ്യക്തിയധിഷ്ടിത വിഷയങ്ങളാണ് ഏറെയും. മേതിലിന്റെയും ഓ വി വിജയന്റെയും മറ്റും എഴുത്തുക്കളെ മാറ്റി നിര്‍ത്തിയാല്‍ ,ആവശ്യമുള്ള മാറ്റങ്ങളെയോ പഴകി ദുഷിച്ചു തുടങ്ങീട്ടും കൊണ്ട് നടക്കുന്ന സംസ്കാരത്തെ കുറിച്ചോ വന്ന എഴുത്തുക്കള്‍ കുറവെന്നു തന്നെ തോന്നുന്നു.  എന്മകജെ ഇതില്‍ നിന്നും വേറിട്ടൊരു വായന സുഖത്തെയും കുറെ പേടിപ്പിക്കുന്ന യഥാര്‍ത്ഥത്തെയും പകരുന്നു.    . ഇതില്‍ സ്ത്രീയുടെ സ്വത്വ രക്ഷ ഏറ്റെടുത്തു അവരെ ഒറ്റപ്പെടുത്തിയ സമൂഹത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ ,ഭീകരതയെ  അതി ഗംഭീരമായി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ അംബികാസുതന്‍  . ഈ നോവല്‍ മലയാള മൊഴിക്ക്  കിട്ടിയ ഒരു ഒരപൂര്‍വ സാഹിത്യാനുഭവമാണ് )   




ഒരു നോവലിന് എന്തൊക്കെ വേണമെന്ന് പണ്ടേ  തീരുമാനിച്ചു  വെച്ചിട്ടുണ്ട് എന്നാണ് വെപ്പ്. . നോവലിന്റെ രൂപവും ഭാവവും ഇങ്ങിനെയൊക്കെ വേണമെന്ന് വിധിയെഴുതിയ നാടുകള്‍ തന്നെ പുതിയ രീതികളെയും വിപ്ലവകരമായ മാറ്റങ്ങളെയും അംഗീകരിച്ചു കഴിഞ്ഞു. ഒരു ഉദാഹരണം പറയുകയാണെങ്കില്‍  കേതി  അക്കറിന്റെ (kathy acker ) transgressive  രീതികളും ആധുനികോത്തരതയും എത്രയോ വായനക്കാരെ പുന;സൃഷ്ടിച്ചിരിക്കുന്നു.  ഒരു പാട് വിമര്‍ശനങ്ങള്‍ക്കിടയിലും എത്രയോ വ്യത്യസ്തമായ  ശൈലികളിലുള്ള നോവലുകള്‍ ലോകമെമ്പാടും വന്നു കഴിഞ്ഞു. പക്ഷെ ഇന്ത്യയില്‍ പ്രത്യേകിച്ചും മലയാളത്തില്‍ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കാണിക്കുന്ന വൈമുഖ്യം നമുക്ക് നഷ്ടമാക്കുന്നത് ഒരു പാട് നല്ല സൃഷ്ടികളേയും ഭാവനകളെയും ആണ്.

 ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ആ സമൂഹത്തിലെ ചട്ടങ്ങള്‍ക്ക് ഉള്‍പ്പെട്ട രീതിയില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ, വസ്ത്രം ധരിക്കാവൂ ,ചിന്തിക്കാവൂ എന്ന് വരികയാണെങ്കില്‍ ആ സമൂഹം വളരുന്നില്ല എന്ന് കൊള്ളേണ്ടി വരും. അതും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉണ്ടാക്കിയ നിയമങ്ങളെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു വിധേയമാക്കാതെ അപ്പടി പകര്‍ത്തുന്ന സമൂഹത്തില്‍ ആര്‍ക്കാണ് മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുക . 

ആദ്യമായിട്ട് എനമകജെ നോവലിനെ ക്കുറിച്ച് അറിഞ്ഞത്   ദൂരദര്‍ശനിലൂടെയാണ്  . പരിസ്ഥിതി നോവല്‍ എന്നൊരു വാക്ക് കേട്ടതുക്കൊണ്ട് ആ ചാനല്‍ കൂടുതല്‍ കണ്ടു ,കേട്ട്. വല്ലാത്തൊരു ആകാംക്ഷ തോന്നിയിരുന്നു. ഡാനിയല്‍ ക്വിന്നിന്റെ മൈ ഇഷ്മായില്‍ എന്ന ഫിക്ഷന്‍ വായിച്ചു കഴിഞ്ഞു ഇരിക്കുകായിരുന്നു. ഗോത്ര സംസ്കാരങ്ങളുടെ നന്മയും തിന്മയും ഉയര്‍ച്ചയും പതനവും ഒക്കെ ഭൂമിയെ നശിപ്പിക്കുന്നതിനു എത്ര മാത്രം സഹായിച്ചിരുന്നു എന്ന് തന്റെ ഭാഷയില്‍ മനുഷ്യനേക്കാളും പരിണാമ ശ്രേണിയുടെ താഴെ നില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഗറില്ലയിലൂടെ ഒരു പെണ്‍ കുട്ടിക്ക് പകര്‍ന്നു കൊടുക്കുന്നു ക്വിന്‍ .   ആപത്തുക്കളെ വിവേചിക്കാന്‍ വായനാക്കാര്‍ക്ക് തന്നെ വിട്ടുകൊടുത്തു കൊണ്ടാണ് ക്വിന്‍ നോവല്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. 
ഏതായാലും   എനമകജെ വായിക്കാന്‍ തീരുമാനിച്ചു. 

ഒരു സ്ത്രീയിലും പുരുഷനിലും തുടങ്ങുന്ന  കഥാരംഭം, ആദ്യമായി ദൈവം തന്റെ രൂപത്തില്‍ ഉണ്ടാക്കിയ വിവിലിയന്‍ മനുഷ്യനെയും സ്ത്രീയെയും ഓര്‍മിപ്പിച്ചു. മനോഹരമായ കാടും അതിലെ പുഴയും ജീവനില്ലാതെ ഒഴുകുന്നതിനു കാരണമില്ലാതെ കാരണമാകുന്ന ഒരു തലമുറയെ നോവലിസ്റ്റ്‌ ഇവിടെ അവതരിപ്പിച്ചതിനെ  പരിസ്ഥിതി നോവല്‍ എന്ന ഒരൊറ്റ വാക്കില്‍ ഒതുക്കി കളയാന്‍ പറ്റില്ല..
വില്യം ഫോക്നെര്‍ പറഞ്ഞത് പോലെ എല്ലാം വായിക്കുന്ന ഒരു വായനക്കാരന് ,അതായത് ചവറും ക്ലാസ്സിക്സും എല്ലാം , പിന്നീട്  അനുകരണം ഇല്ലാത്തൊരു വായന ശൈലി  തിരെഞ്ഞെടുക്കാന്‍ കഴിയുന്നു   . പക്ഷെ  ഇതിനു സര്‍ഗാത്മക രചന തിരിച്ചറിയാനുള്ള കഴിവും വേണം. മലയാളത്തില്‍ വായനക്കാര്‍ക്കിടയില്‍ ഇത്തരമൊരു പ്രവണത ഇല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അനുകരണ വായനയാണ് കൂടുതലും. ഒരാളെ വലിയവനായി വാഴിച്ചു കഴിഞ്ഞാല്‍ പിന്നെ അയാളുടെ വായനാ ശീലമാകും പലരുടെയും. ഇവിടെ സ്വത്വ തനിമ ഇല്ലാതെ വരുന്ന ഒരു ആപത്ത് കാണുന്നു  . അയാള്‍ പറയുന്ന ആള്‍ നല്ല എഴുത്തുക്കാരനാകുകയും ചെയ്യുന്നു. അയാള്‍ വര്‍ഗ്ഗീകരിക്കുന്ന രീതിയില്‍  പല എഴുത്തുക്കളും ജീവന്‍   നഷ്ടപ്പെടുന്ന ദയനീയ അവസ്ഥയിലേക്ക് എത്തുന്നു.   കേരളത്തില്‍ ആണ് ഇത് കൂടുതലും കണ്ടു വരുന്നത്. അയല്‍ മാനിലമായ തമിഴ് നാട്ടില്‍ ഇത്രയും രൂക്ഷത ഈ കാര്യത്തില്‍ കാണുന്നില്ല. കുറച്ചു കൂടി സ്വതന്ത്രമായ വായനാ ശീലം അവിടെ രൂപപ്പെട്ടു കഴിഞ്ഞു. ഒരു ചില പേരെടുത്ത പ്രസിദ്ധീകരണങ്ങള്‍ക്ക്    പകരം ഒരു പാട് ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങള്‍ അവിടെ ഉണ്ട് എന്നത് തന്നെ മേല്‍പ്പറഞ്ഞ ആരോഗ്യകരമായ വായനാ ശീലം വളരാന്‍ കാരണമായി എന്ന് തോന്നുന്നു.

നോവലില്‍ കടന്നു വരുന്ന കഥാപാത്രങ്ങള്‍ ഒന്നും വെറുതെ കടന്നു പോകുന്നില്ല എന്നത് എനമകജെയെ കൂടുതല്‍ മികവുറ്റതാക്കുന്നു. മിസ്റ്റിസിസവും കാലവും  കലര്‍ന്ന് വരുന്ന നോവലുകള്‍ക്ക് സൗന്ദര്യം കൂടും  എന്നും  സാഹിത്യത്തിനു വളരുന്ന ആശയങ്ങള്‍ ആണ് വേണ്ടത് എന്നും   മാര്‍ക്കേസ് പറഞ്ഞത്  ശരിയാണ് . എന്മാകജെയില്‍ രണ്ടും നല്ല അനുപാതത്തില്‍ തന്നെ ഉണ്ട്.  

എന്റെ അഭിപ്രായത്തില്‍ ഇതൊരു സ്ത്രീ പക്ഷ രചനയാണ്. കഥ തുടങ്ങുമ്പോള്‍ മുതല്‍ അപമാനിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന സ്ത്രീത്വം വ്യക്തമാണ്. എപ്പോഴും അരക്ഷിതാവസ്ഥയില്‍ തിളയ്ക്കുന്ന സ്ത്രീ , വീണ്ടും  വീണ്ടും രക്ഷയെ പുരുഷനായി തന്നെ കാണുകയും വീണ്ടും വീണ്ടും അവനുണ്ടാക്കിയ ലോകത്തില്‍ അടിമപ്പെടുത്തപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ തന്നെയാണ്. സ്ത്രീ പ്രകൃതിയാണ്, പ്രകൃതി സ്ത്രീ ആണ് . എന്നൊക്കെ പറയുന്ന ഒരു സമൂഹം അതിന്റെ പ്രാവര്‍ത്തിക മേഖലയില്‍,  വെച്ച് പുലര്‍ത്തുന്ന വൈരുദ്ധ്യതയുടെ ഫലം  തന്നെയാണ് ഇന്ന് കാണുന്ന  നാശങ്ങള്‍. 
അധിക്ഷേപിക്കപ്പെടുന്ന ,അവഹേളിക്കപ്പെടുന്ന സ്ത്രീത്വം കൂടുതല്‍ അകലുകയും തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്യുന്നു.  പിന്നീട് പുറത്ത് കാണുന്ന അല്ലെങ്കില്‍ സ്ത്രീ കാണിക്കുന്ന ഭാവങ്ങള്‍ അത്രയും പുരുഷന് വേണ്ടത് മാത്രമായി മാറുന്നു. 
അവിടെ സ്ത്രീ സ്വാഭാവികത നഷ്ടപ്പെട്ടു പുരുഷന്റെ ചിന്തകളെ പേറിയ  സ്ത്രീ രൂപങ്ങളായി പരിണമിക്കുന്നു. 
ഇതാണ് ഞാനടക്കമുള്ള കേരളത്തിലെ സ്ത്രീകള്‍. 
മാത്രമല്ല അവിടുത്തെ പുരുഷന്മാര്‍ക്ക് മാറ്റം ആവശ്യമില്ലാതെ വരുന്നത് കൊണ്ട് അവരൊക്കെ ഇന്ന് ജനിച്ചു , നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ മനസും ചുമന്നു നടക്കുന്നവരാണ്. 
ഒട്ടും പരിണാമ നിയമങ്ങള്‍ തൊട്ടു തീണ്ടാത്തവര്‍. ഒരു  പാട് ജീര്‍ണിച്ച മനസുള്ള വന്ദ്യ വയോധികന്മാരായ മനുഷ്യര്‍. 
ഇത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകള്‍ അതില്‍ വന്നു പോകുന്നുവെങ്കിലും ഒച്ച എടുക്കാന്‍ പാടില്ലാത്തവരായത്‌ കൊണ്ട് അവരെ നമുക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പക്ഷെ ദേവയാനി അപ്പോഴും കലംബിക്കൊണ്ടിരുന്നത് കേള്‍ക്കാമായിരുന്നു. അവളുടെ നഗ്നതയില്‍  അവളുടെ ഒറ്റ മുലയുള്ള ശരീരത്തില്‍ നിന്നും കരച്ചിലുകള്‍ ജനിച്ചില്ല എന്നതും പ്രത്യകതയാണ്. 

പണ്ട് സാക ഗോത്രത്തില്‍ സ്ത്രീകളും അമ്പെയ്ത്ത്  നടത്തിയിരുന്നത് ക്കൊണ്ട് അവരുടെ വലത്തെ മുല വളരാന്‍ അനുവദിക്കുമായിരുന്നില്ല. ചുട്ട ലോഹ തകിട് കൊണ്ട് അവിടെ പൊള്ളിച്ചു കരിച്ചു കളയുമായിരുന്നുവാത്രേ. ഈ വംശത്തില്‍ നിന്നാണ് ശ്രീ ബുദ്ധന്‍ എന്നും വായിച്ചതോര്‍ക്കുന്നു  . ഒറ്റ മുല പറിച്ചെറിഞ്ഞു മദുരൈ എരിച്ച  കണ്ണകിയെ ഇവിടുന്നും കാണാം .   ദേവയാനിയും ഒറ്റ മുലച്ചി തന്നെ. ഇളങ്കോവടികളുടെ കണ്ണകിയെ പോലെ. 

നോവലില്‍ വരുന്ന കാലിക പ്രശ്നം വെറും ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല . ജീവന്റെ പ്രശ്നമാണ്. 120  കോടിയോളം വരുന്ന ഇന്ത്യാ മഹാരാജ്യത്തെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും നിലനില്‍പ്പിന്റെ പ്രശ്നം ആണ്. sustainability അവകാശപ്പെടാന്‍ പറ്റാത്ത നഗരങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുന്ന എത്രയോ ജീവി  ഇനങ്ങളുടെ പ്രശ്നങ്ങളാണ്.    പാരസ്പര്യത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമ്പോള്‍ ഉയര്‍ന്ന ജീവിയായ മനുഷ്യന്റെ അടുത്ത ഘട്ട പരിണാമത്തിനു ഏല്‍ക്കുന്ന ക്ഷതത്തിന്റെ പ്രശ്നമാണ്. 

ജീവനില്ലാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ തലമുറകള്‍ സൃഷ്ടിക്കപ്പെടാതെ ഇരിക്കേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നു എന്മകജെ  

ഇതിലെ മിസ്റ്റിസിസം ഇന്നും ദൈവീകമായി കരുതുന്നതായത്  കൊണ്ട് കാലഘട്ടം മാറാതെ തന്നെ നില്‍ക്കുന്നു.  , നമ്മുടെ വിപ്ലം നാവിന്റെ തുമ്പത്ത് മാത്രം നിര്‍ത്തി ഘോരം ഘോരം നിലവിളിക്കുന്ന ഇന്നത്തെ തലമുറയുടെ ദയനീയാവസ്ഥയെ ഇത്  വെളിപ്പെടുത്തുന്നു . 
 ജടാധാരിയും ചുമന്ന പട്ടുടുത്തു കിലുങ്ങി നടക്കുന്ന തെയ്യങ്ങളും വേദനയോടെ ശൂന്യതയിലേക്ക് മായുന്നതിനു എന്ടോസല്ഫാനും മറ്റു കൂട്ട് വിഷങ്ങളും കാരണമാകുന്നു ഇവിടെ . തായ് വേര് അറ്റ് പോകുന്ന ഒരു സമൂഹത്തിന്റെ  തളര്‍ച്ചയും ചിതറിയ മാനസികാവസ്ഥയും അതിന്റെ നിസ്സഹായതയെ ഉണര്‍ത്തുന്ന പല സംഭവങ്ങളും എന്മാകജെയില്‍ കാണുന്നുണ്ട്.  മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന രൂപത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ കാണുന്ന പുരുഷനും സ്ത്രീയും വാ...നര എന്ന്  നിലവിളിക്കുന്നത് കാസര്‍ഗോഡ്‌ ജില്ലയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍  കണ്ട ഒരാള്‍ക്കും ഒരു അതിശയോക്തിയല്ല. 
മനുഷ്യനെ വേണ്ടാ എന്ന് പറയുന്ന മനുഷ്യര്‍ അധികമായി  ക്കൊണ്ടിരിക്കുന്നു . ഇരയും ഇരപിടിയനും ഇവിടെ മനുഷ്യന്‍ തന്നെ എന്ന പ്രത്യേകതയും ഉണ്ട്.  മറ്റു ജീവികള്‍ക്കുള്ള വാസസ്ഥലങ്ങളും സ്വന്തമാക്കാന്‍ അവരേയും അവരുടെ വാസസ്ഥലത്തെയും ആക്രമിച്ചു നശിപ്പിച്ചു ജൈത്ര യാത്ര തുടരുന്ന മനുഷ്യന്റെ പ്രശ്നം മനുഷ്യന്‍ തന്നെ. 

ഇപ്പോഴും ഒരുവിധത്തിലുള്ള പാലായനം ചെയ്യുന്ന മനുഷ്യന് ഇന്ന് ഇടം മാറി ജീവിക്കാനുള്ള പരിമിതികളും വര്‍ധിച്ചു വരുന്ന ജന സംഖ്യയും മഹാ പ്രശ്നങ്ങളാണ്. ഇതൊക്കെ ദേവയാനിയും നീലകണ്ഠന്‍ നും തിരിച്ചറിയുമ്പോഴേക്കും അവര്‍ പിറവിയുടെ ആദ്യ ഗേഹത്തിലേക്കുള്ള മടക്ക യാത്ര തുടങ്ങി കഴിഞ്ഞിരുന്നു . ഇത് ഇന്നത്തെ തലമുറയ്ക്ക് ഏര്‍പ്പെട്ട വീഴ്ച തന്നെയാണ്. 

ഗുഹ  കറുത്ത ഗുഹ , ജനിമൃതികള്‍ പതുങ്ങിയ  ഗുഹ , പ്രപഞ്ച രഹസ്യങ്ങളുടെ ഗുഹ, അറിവിന്റെ വിത്തുകളെ  സൂക്ഷിക്കുന്ന ഗുഹ . അതിലേക്കു കടക്കാന്‍ ഗുഹ ആവശ്യപ്പെടുന്നത് ഒന്ന് മാത്രം. മനുഷ്യനെന്ന അദ്ഭുത ജീവി ആദ്യമായി പ്രകൃതിയില്‍ നിന്നും അകന്നു പോകാന്‍ അവന്‍ അണിഞ്ഞ വസ്ത്രം കളയാന്‍ .ഇവിടെ മുഴച്ചു നില്‍ക്കുന്ന മിസ്ടിസിസവും പ്രതീകാത്മകതയും എന്മകജെയേ ഒരു ലോക നിലവാര എഴുത്തിലേക്ക്‌ എത്തിച്ചു എന്ന് വേണം പറയാന്‍.  
എന്മകജെയിലെ ഗുഹ    ജീവന്‍ തുടിക്കുന്ന ഗര്‍ഭ പാത്രമാകുന്നു . അവിടെ കഴുതയുടെ വടിവില്‍ കാത്തിരിക്കുന്ന നല്ലവനായ മഹാബലി . സ്ത്രീയും പുരുഷനും വന്നതും സംഗമിക്കുന്നതും  ഇവിടുന്നു തന്നെ . ഗുഹയുടെ കാളിമയിലേക്ക്  തിരികെ പോകാന്‍ തയാറെടുക്കുന്ന  പുരുഷനും സ്ത്രീയും നഗ്നരായി തല കീഴ്പ്പോട്ടായി തൂങ്ങി കിടക്കുന്നതും പ്രതീകാത്മകമായിരുന്നു. ഗര്‍ഭ പാത്രത്തില്‍ നിന്നും വരുന്ന കുഞ്ഞു തല കുത്തി പുറത്തേക്ക് വരുന്നു . കുഞ്ഞുങ്ങള്‍ അറിവ് തികഞ്ഞവരായിരിക്കാം  . വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി അറിവ് മുരടിച്ചു പോകുന്നവോ ? സാഹചര്യങ്ങള്‍ തീര്‍ക്കുന്ന അറിവ്  ഗുഹയില്‍ നിന്നും കിട്ടിയ അറിവില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കാം. അകന്നു പോകുന്തോറും അറ്റ് പോകുന്ന ജീവനെക്കുറിച്ചുള്ള  തിരിച്ചറിവ്.  മനുഷ്യന്‍ അറിഞ്ഞും അറിയാതെയും രൂപപ്പെടുത്തിയ സംസ്കാരത്തിന്റെ ശൂന്യത , കഴിവില്ലായ്മ , ഇതൊക്കെ എന്മകജെയുടെ അവസാനത്തെ അധ്യായത്തെ നിറവുള്ളതാക്കുന്നു     . 

ദേവയാനി  എന്ന സ്ത്രീയെ  പുരുഷ നിര്‍മ്മിത സമൂഹ വ്യവസ്ഥിതിയുടെ ഒരു ദയനീയ പരാജമായി ചിത്രീകരിച്ചത് എഴുത്തുക്കാരന്റെ സാമൂഹ്യ പ്രതിബദ്ധതയെ കാണിക്കുന്നു. അവള്‍ പുരുഷ നിര്‍മ്മിത പേര് പോലും കളഞ്ഞു നില്‍ക്കുമ്പോള്‍ സംസ്കാരങ്ങള്‍ക്കു അടിമപ്പടാതെ ജീവിക്കാനുള്ള പ്രകൃതിദത്തമായ കരുത്തും ഉദാത്തമായ പ്രണയവും പേറിയവളാകുന്നു  . സ്വയം ഒരു ഗുഹയെ ചുമന്നു നടക്കുന്ന ആദി സൃഷ്ടി മാതാവ്....

എനമകജെ  പൂര്‍ണതയില്‍ ലയിക്കുന്ന ഉദാത്തമായ നിമിഷങ്ങള്‍. .....എന്മകജെ ഒരു ലോകോത്തര സര്‍ഗാത്മക രചന എന്നുള്ളതിന് യാതൊരു സംശയമില്ല.